ന്യൂഡല്‍ഹി: സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) സ്‌പോർട്‌സ് ക്വാട്ട വഴി ഹെഡ് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി), കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 521 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. കായികതാരങ്ങളായ യോഗ്യരായ പുരുഷന്മാർക്കും സ്ത്രീകൾക്കും ഓൺലൈനായി ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം. നവംബർ 11 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
അക്വാറ്റിക്സ്- 60, ആർച്ചറി -3, അത്ലറ്റിക്സ്- 101, ബാഡ്മിന്റൺ- 5, ബാസ്കറ്റ്ബോൾ -16, ബോഡി ബിൽഡിങ്- 11, ബോക്സിങ്- 20, ഫുട്ബോൾ- 22, ജിംനാസ്റ്റിക്സ് -12, ഹാൻഡ്ബോൾ -12, ഹോക്കി- 15, ജൂഡോ -16, കബഡി -27, കരാട്ടെ -17, ഷൂട്ടിങ്- 53, തായ്ക്വോണ്ടോ-14, വോളിബോൾ- 20, വാട്ടർ സ്പോർട്സ് -20, വെയ്റ്റ് ലിഫ്റ്റിങ് -19, വുഷു- 20, ഗുസ്തി -26, യോഗ -12 എന്നിങ്ങനെയാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന ഒഴിവുകൾ.
ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കാൻ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കാൻ പത്താം ക്ലാസ് പാസായിരിക്കണം. അതിന് പുറമേ നിർദേശിച്ചിരിക്കുന്ന കായികനേട്ടങ്ങളും ഉണ്ടായിരിക്കണം. അന്താരാഷ്ട്ര മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ചവർ, ദേശീയ മത്സരങ്ങളിൽ മെഡൽ നേടിയവർ, ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങളിൽ മികച്ച സ്ഥാനം നേടിയവർ, ജൂനിയർ ദേശീയതല മത്സരങ്ങളിൽ സ്വർണം അല്ലെങ്കിൽ വെള്ളി മെഡൽ നേടിയവർ തുടങ്ങിയവർക്ക് ഹെഡ് കോൺസ്റ്റബിൾ വിഭാഗത്തിൽ അപേക്ഷിക്കാം. കോൺസ്റ്റബിൾ തസ്തികയിലേക്ക് ദേശീയതല മത്സരത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചവർ, സ്കൂൾ ദേശീയ കായിക മത്സരങ്ങളിൽ മെഡൽ നേടിയവർ, എന്നിവർക്ക് അപേക്ഷിക്കാം. 2024 സെപ്തംബർ 30 മുതൽ 2026 സെപ്തംബർ 30 വരെയുള്ള കായികനേട്ടങ്ങളാവും പരിഗണിക്കുക.
എങ്ങനെ അപേക്ഷിക്കാം?
- ആദ്യം തന്നെ rect.crpf.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- അതിലെ CRPF സ്പോർട്സ് ക്വാട്ട റിക്രൂട്ട്മെന്റ് 2026 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ആവശ്യമായ വിവരങ്ങൾ നൽകുക.
- ഓൺലൈനായി അപേക്ഷാ ഫോം പൂരിപ്പിക്കുക.
- ആവശ്യമെങ്കിൽ നിശ്ചിത അപേക്ഷാ ഫീസ് അടയ്ക്കുക.
- ഫോം സമർപ്പിച്ച് സ്ഥിരീകരണ പേജ് ഡൗൺലോഡ് ചെയ്യുക.
SUMMARY: Opportunity for sportspersons: 521 Constable posts in CRPF.
















