ബെംഗളൂരു: നഗരത്തിലെ അഗര തടാകത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ ബാഗിനുള്ളിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് സംഭവം. പ്രദേശത്ത് എത്തിയ രാമമൂർത്തിനഗർ സ്വദേശിയായ മിനി ഗുഡ്സ് വാഹന ഡ്രൈവർ മാരുതി രാവിലെ 7.30ഓടെ അഗര തടാകത്തിന് സമീപം വാഹനം നിർത്തിയ ശേഷം സുഹൃത്തിനൊപ്പം തടാകത്തിന് സമീപത്തേക്ക് പോകുന്നതിനിടെ റോഡരികിൽ ഒരു ബാഗ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ബാഗിന്റെ തുറന്ന ഭാഗത്തിലൂടെ കുഞ്ഞിന്റെ കാലിന്റെ ഭാഗം പുറത്തേക്ക് കാണപ്പെട്ടതിനെ തുടർന്ന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് രക്തം പുരണ്ട നിലയിൽ നവജാത ശിശുവിനെ കണ്ടെത്തിയത്.
ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിനെ ബാഗിനുള്ളിൽ വെച്ചിരുന്നത്. തുടർന്ന് മാരുതി അടിയന്തര സഹായ നമ്പറായ 112ൽ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം നടത്തിയ പരിശോധനയില്‍ കുഞ്ഞ് മരിച്ചതായി സ്ഥിരീകരിച്ചു.
എച്ച്എസ്ആർ ലേഔട്ട് പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പോസ്റ്റ്മോർട്ടം പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ. സംഭവത്തിൽ കേസ് എടുത്ത പോലീസ് ആരംഭിച്ചിട്ടുണ്ട്.
SUMMARY: The body of a newborn baby was found abandoned in a bag near the lake.
















