ഹൂസ്റ്റൺ: ഗ്രൂപ്പ് കെയിലെ നിർണ്ണായക മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിലാണ് പോർച്ചുഗലിന്റെ വിജയം. ഹൂസ്റ്റണിലെ എൻ.ആർ.ജി സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ കാണികളെ സാക്ഷിയാക്കിയായിരുന്നു പറങ്കിപ്പടയുടെ ഗോൾവർഷം. ഈ വിജയത്തോടെ ഗ്രൂപ്പ് കെ-യിൽ നാല് പോയിന്റോടെ പോർച്ചുഗൽ നോക്കൗട്ട് ഘട്ടത്തിലേക്ക് അടുത്തു. ഇരട്ട ഗോളോട് കൂടി തുടർച്ചയായി ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് കൂടിയാണ് റൊണാൾഡോ സ്വന്തമാക്കിയത്. ഒപ്പം ലോകകപ്പിൽ ക്രിസ്റ്റ്യാനോയുടെ ആകെ ഗോൾനേട്ടം പത്തായി ഉയർന്നു
കളിയുടെ ആറാം മിനുട്ടിൽ സഹതാരം ക്യാൻസലോ നൽകിയ മികച്ച ക്രോസ്സ് വലയിലാക്കി വിമർശകരുടെ വായടപ്പിച്ച താരം 38ആം മിനുട്ടിൽ ഒരു മികച്ച ഹെഡറിലൂടെ ലോകകപ്പിലെ തന്റെ പത്താം ഗോൾ നേടി. ഇതോടെ ആറു വ്യത്യസ്ത ലോകകപ്പുകളിൽ ഗോളടിച്ച താരവും പോർച്ചുഗലിന്റെ ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനുമായി റൊണാൾഡോ മാറി.റൊണാൾഡോയുടെ ഈ രണ്ടു ഗോളുകൾക്കിടയിൽ 17 ആം മിനുട്ടിൽ ന്യൂനോ മെൻഡസ് ഫ്രീ കിക്കിലൂടെ ടീമിന്റെ രണ്ടാം ഗോൾ നേടിയിരുന്നു.
രണ്ടാം പകുതിയിലും പറങ്കിപ്പട ഉസ്‌ബെക്കിസ്ഥാനു മേൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു. സമ്മർദ്ദം ഫലം കണ്ടത് 60ആം മിനുട്ടിലാണ്. പ്രതിരോധതാരം നിമാറ്റോവിന്റെ സെൽഫ് ഗോളിലൂടെ ഉസ്ബെക് താരം പോർച്ചുഗലിന് നാലാം ഗോൾ ദാനം ചെയ്തു. ഒടുവിൽ 87ആം മിനുട്ടിൽ റാഫേൽ ലിയയോ പറങ്കിപ്പടയുടെ അഞ്ചാം ഗോൾ സ്വന്തമാക്കി. 29ാം മിനിറ്റില്‍ ഉസ്‌ബെക്കിസ്ഥാന്‍ താരം ജനീവിന്റെ ഷോട്ട് പോര്‍ച്ചുഗല്‍ വല കുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ ഫൗള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റദ്ദാക്കി.
SUMMARY: Portugal thrashes Uzbekistan 5-0; Cristiano Ronaldo scores twice
















