ഗഡ്ചിരോളി : മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ പാമ്പ് കടിയേറ്റ് മൂന്ന് വിദ്യാർഥിനികൾ മരിച്ചു. റെസിഡൻഷ്യൽ സ്കൂളിലെ ഹോസ്റ്റലിൽ കിടന്നുറങ്ങിയിരുന്ന ആറ് വിദ്യാർഥിനികൾക്കാണ് പാമ്പുകടിയേറ്റത്. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കടിയേറ്റതിനെ തുടർന്ന് വിദ്യാർഥിനികൾ അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ, ആദ്യം ഗ്രാമത്തിലെ തന്നെ ആശുപത്രിയിലും പിന്നീട് ഗഡ്ചിരോളിയിലെ ജില്ലാ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ഹോസ്റ്റലിൽ നിലത്തുകിടന്ന് ഉറങ്ങുകയായിരുന്ന വിദ്യാർഥിനികൾക്കാണ് പാമ്പുകടിയേറ്റത്. എട്ട്, പന്ത്രണ്ട്, പതിനാല് വയസ് പ്രായമുള്ള വിദ്യാർഥിനികളാണ് മരിച്ചതെന്നും ആറ് വിദ്യാർഥികൾക്കാണ് പാമ്പുകടിയേറ്റതെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ സ്കൂൾ മാനേജ്മെന്റിനും അധികൃതർക്കുമെതിരെ വിദ്യാർഥിനികളുടെ മാതാപിതാക്കളും നാട്ടുകാരും രംഗത്തെത്തി. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സ്കൂൾ അധികൃതർ വലിയ വീഴ്ച വരുത്തിയെന്നും സംഭവത്തിനുശേഷമുള്ള ക്രമീകരണങ്ങൾ തൃപ്തികരമല്ലെന്നും നാട്ടുകാർ ആരോപിച്ചു. അതേസമയം സംഭവത്തിൽ ജില്ലാ കളക്ടർ അവിഷ്യന്ത് പാണ്ഡെ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
SUMMARY: Three female students die after being bitten by a snake while sleeping in a school hostel















