തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ ബൈജു ഉൾപ്പെടെയുള്ള മുഴുവൻ അംഗങ്ങളെയും പദവിയിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ രാഷ്ട്രപതി ദ്രൗപദി മുർമുവിന് ശിപാർശ ചെയ്തു. ഗവർണർ സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പാണ് ശിപാർശ നൽകിയതെന്നാണ് സൂചന. സംസ്ഥാന ചരിത്രത്തിൽ ആദ്യമാണ് ഇത്തരത്തിൽ ഗവർണറുടെ നടപടി. ചെയർമാൻ അടക്കം ആകെ 16 അംഗങ്ങളെ പുറത്താക്കണമെന്നാണ് റിപ്പോർട്ടിലുള്ളത്. ഭരണഘടനയുടെ 317-ാം അനുഛേദ പ്രകാരമാണ് ഗവർണ്ണറുടെ ഇടപെടൽ.
പിഎസ്സി ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ഗവർണറാണ്. പക്ഷേ കാലാവധി തീരും മുമ്പ് പുറത്താക്കണമെങ്കിൽ രാഷ്ട്രപതിക്കാണ് അധികാരം. ആസൂത്രണ ബോർഡിലെ നിയമനത്തട്ടിപ്പിൽ പിഎസ്സിയുടെ ആഭ്യന്തരവിജിലൻസ് തന്നെ വീഴ്ച കണ്ടെത്തിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ടുകളും ലോക്ഭവന് ലഭിച്ച ഒരു കൂട്ടം പരാതികളും കണക്കിലെടുത്താണ് അർലേക്കറുടെ തീരുമാനം. എബിവിപി യുവമോർച്ച, യൂത്ത് കോൺഗ്രസ്, പൊതുപ്രവർത്തകർ എന്നിവർ നൽകിയ പരാതികളിലടക്കം നിയമോപദേശം തേടിയാണ് മിന്നൽ നീക്കം. പി.എസ്.സി നടത്തിയ പരീക്ഷകളും ചില നിയമനങ്ങളും സംശയത്തിലാകുകയും അന്വേഷണത്തിൽ ആസൂത്രണ ബോർഡിലേക്ക് നടത്തിയ നിയമനത്തിൽ ക്രമക്കേട് കണ്ടെത്തുകയും ചെയ്തിരുന്നു.
രാഷ്ട്രപതിക്ക് ലഭിച്ച ശുപാർശ ഇനി സുപ്രീം കോടതിക്ക് കൈമാറും. സുപ്രീം കോടതി അന്വേഷണത്തിന് ശേഷമാണ് അന്തിമതീരുമാനമെടുക്കുക. അന്വേഷണത്തിൽ ആരോപണം ശരിയെന്ന് തെളിഞ്ഞാൽ ചെയർമാനെ പുറത്താക്കാൻ സുപ്രീം കോടതി രാഷ്ട്രപതിക്ക് ശുപാർശ ചെയ്യും. പിന്നാലെ പുറത്താക്കി ഉത്തരവിറക്കും. രണഘടനാപരിരക്ഷയുള്ള സ്വതന്ത്രസ്ഥാപനമായതിനാൽ, ഗവർണർക്ക് നേരിട്ട് പി.എസ്.സി.യെ പിരിച്ചുവിടാനാവില്ല.
SUMMARY: PSC Chairman should be removed; Governor’s recommendation to the President
















