ബെംഗളൂരു: ദക്ഷിണ പശ്ചിമ റെയിൽവേയുടെ പരിധിയിൽ തിപ്തൂർ–ഹൊന്നവള്ളി റോഡ് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഒക്ടോബർ 26 മുതൽ 28 വരെ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. ലെവൽ ക്രോസിങ് നമ്പർ 88-ൽ കോമ്പോസിറ്റ് ഗിർഡർ സ്ഥാപിക്കുന്നതിനായി പാതയിലും വൈദ്യുത സംവിധാനത്തിലും അറ്റകുറ്റപ്പണികൾ നടത്തുന്നതാണ് നിയന്ത്രണങ്ങൾക്ക് കാരണം.
റെയിൽവേയുടെ അറിയിപ്പനുസരിച്ച് പത്ത് ട്രെയിൻ സർവീസുകൾ നിശ്ചിത ദിവസങ്ങളിൽ പൂർണമായി റദ്ദാക്കും. ആറ് ട്രെയിനുകൾ വഴിതിരിച്ചുവിടും. ചില ട്രെയിനുകൾ യാത്രാമധ്യേ നിയന്ത്രിക്കാനും മൂന്ന് സർവീസുകളുടെ പുറപ്പെടുന്ന സമയം പുനഃക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഒക്ടോബർ 26-ന് തുമകൂരു–ശിവമൊഗ്ഗ ടൗൺ എക്സ്പ്രസ് (16567) റദ്ദാക്കും. ഒക്ടോബർ 27-ന് ശിവമൊഗ്ഗ ടൗൺ–തുമകൂരു എക്സ്പ്രസ് (16568), അരസികെരെ–കെ.എസ്.ആർ. ബെംഗളൂരു പാസഞ്ചർ (56224), കെ.എസ്.ആർ. ബെംഗളൂരു–ചന്നപട്ടണ പാസഞ്ചർ (56229), ചന്നപട്ടണ–കെ.എസ്.ആർ. ബെംഗളൂരു പാസഞ്ചർ (56230), കെ.എസ്.ആർ. ബെംഗളൂരു–അരസികെരെ പാസഞ്ചർ (56223) എന്നിവ സർവീസ് നടത്തില്ല.
ഒക്ടോബർ 28-ന് തുമകൂരു–ശിവമൊഗ്ഗ ടൗൺ മെമു (66577), ശിവമൊഗ്ഗ ടൗൺ–തുമകൂരു മെമു (66578), യെലഹങ്ക–അരസികെരെ മെമു (66505), അരസികെരെ–യെലഹങ്ക മെമു (66506) എന്നിവയും റദ്ദാക്കും.
സിന്ദനൂർ–യെശ്വന്ത്പുര എക്സ്പ്രസ് (16546), ഉദയ്പുർ സിറ്റി–മൈസൂരു എക്സ്പ്രസ് (19667), ശിവമൊഗ്ഗ ടൗൺ–കെ.എസ്.ആർ. ബെംഗളൂരു ജനശതാബ്ദി (12090), കെ.എസ്.ആർ. ബെംഗളൂരു–ഹൊസപേട്ടെ പാസഞ്ചർ (56519), പുതുച്ചേരി–ദാദർ എക്സ്പ്രസ് (11006), കെ.എസ്.ആർ. ബെംഗളൂരു–എസ്.എസ്.എസ്. ഹുബ്ബള്ളി ജനശതാബ്ദി (12079) എന്നിവയാണ് വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ.
മാറ്റിയ റൂട്ടിനെ ആശ്രയിച്ച് തുമകൂരു, തിപ്തൂർ ഉൾപ്പെടെയുള്ള ചില സ്റ്റേഷനുകളിലെ നിശ്ചിത സ്റ്റോപ്പുകൾ ഒഴിവാക്കും. ചില ട്രെയിനുകൾ യാത്രാമധ്യേ 20 മുതൽ 90 മിനിറ്റ് വരെ നിയന്ത്രിക്കാനും തീരുമാനിച്ചിട്ടുണ്ട്. വാസ്കോ ഡ ഗാമ–യെശ്വന്ത്പുര എക്സ്പ്രസ് ഒക്ടോബർ 27-ന് രണ്ട് മണിക്കൂർ വൈകിയും താലഗുപ്പ–കെ.എസ്.ആർ. ബെംഗളൂരു എക്സ്പ്രസ് ഒക്ടോബർ 28-ന് 140 മിനിറ്റ് വൈകിയും പുറപ്പെടും.
യാത്രക്കാർ സ്റ്റേഷനിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ട്രെയിൻ നമ്പർ അനുസരിച്ച് പുതുക്കിയ സമയക്രമവും റൂട്ടും പരിശോധിക്കണമെന്ന് റെയിൽവേ അധികൃതർ നിർദേശിച്ചു.
SUMMARY: Restrictions on train services from Bengaluru; ten services to be cancelled from October 26 to 28.
















