വയനാട്: വീട്ടില്‍ നിന്ന് വൻതോതില്‍ വിദേശമദ്യവും ഇന്ത്യൻ നിർമ്മിത മദ്യവും പിടികൂടിയ കേസില്‍ റിപ്പോർട്ടർ ടി.വി എംഡി ആന്റോ അഗസ്റ്റിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സുല്‍ത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ആന്റോ അഗസ്റ്റിനെ മാനന്തവാടിയിലെ ജില്ലാ ജയിലിലേക്ക് മാറ്റി. അറസ്റ്റിന് പിന്നാലെ ആന്റോ സമർപ്പിച്ച ജാമ്യാപേക്ഷയില്‍ വാദം പൂർത്തിയായി. നാളെ വിധി പ്രഖ്യാപിക്കും.
കൊച്ചിയിലെ റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെത്തി വയനാട്ടില്‍ നിന്നുള്ള എക്സൈസ് സംഘമാണ് ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്. അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആന്റോയുടെ വീടിന്റെ ഒന്നാം നിലയിലെ മുറിയില്‍ നിന്ന് 138 കുപ്പി മദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്. വൻതോതില്‍ ശേഖരിച്ച് വെച്ച മദ്യം വില്‍പ്പനയ്ക്കായി സൂക്ഷിച്ചതാണെന്നാണ് എഫ്ഐആറിലെ പ്രാഥമിക നിഗമനം.
അറസ്റ്റിന് മുന്നോടിയായി എക്സൈസ് ഉദ്യോഗസ്ഥർ ആന്റോയെ അഞ്ചു മണിക്കൂറോളം വിശദമായി ചോദ്യം ചെയ്തിരുന്നു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ എക്സൈസ് ഉദ്യോഗസ്ഥരില്‍ നിന്ന് മർദ്ദനമേറ്റിട്ടുണ്ടോ എന്ന് കോടതി ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു ആന്റോയുടെ മറുപടി. വലിയ തോതില്‍ മദ്യം കണ്ടെടുത്തതിനാല്‍ കേസില്‍ തുടരന്വേഷണം അത്യാവശ്യമാണെന്നും അതിനാല്‍ പ്രതിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷൻ കോടതിയില്‍ ശക്തമായി വാദിച്ചു. പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു.
SUMMARY: Case regarding alcohol stored at home: Reporter TV owner Anto Augustine remanded for 14 days
















