മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. നാല് നഴ്സുമാരും ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ഷോപ്പിങ്ങിന് പോകുന്നതിനിടെയാണ് അപകടം.
കോട്ടയം പാലാ സ്വദേശികളായ ജെയ്സിമോൾ മാത്യു (36), കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ സ്വദേശിനി ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളി നഴ്സുമാർ. തമിഴ്നാട് സ്വദേശികളായ ദേവമണി ഹെപ്സിബ (33), വിജയലക്ഷ്മി (36) എന്നിവരാണ് മരിച്ച മറ്റ് നഴ്സുമാർ. ദേവമണി തഞ്ചാവൂർ പട്ടുകോട്ട സ്വദേശിനിയും വിജയലക്ഷ്മി ചെന്നൈ സ്വദേശിനിയുമാണ്.
സൗദി സർക്കാരിന് കീഴിലുള്ള ഡിസ്പൻസറികളിലെ ജീവനക്കാരായിരുന്നു അപകടത്തിൽപ്പെട്ട നാല് നഴ്സുമാരും. മക്കയിലെ അൽഗഫയിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്.
വാരാന്ത്യ അവധിയായതിനാൽ സാധനങ്ങൾ വാങ്ങുന്നതിനായി റാനിയ പട്ടണത്തിലേക്ക് പോകുകയായിരുന്നു സംഘം. ഇവർ സഞ്ചരിച്ച കാറിന്റെ ഡ്രൈവറായ സൗദി പൗരനും മരിച്ചു. മൃതദേഹങ്ങൾ റാനിയ ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
SUMMARY: Road accident in Mecca; five people, including two Malayali nurses, died.
















