സനാ: യെമനിൽ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള മുഴുവൻ പ്രദേശങ്ങളും തിരിച്ചുപിടിക്കാൻ സൗദി അറേബ്യയുടെ പിന്തുണയോടെ യെമന്‍ ഭരണകൂടം സൈനിക നടപടി ആരംഭിച്ചു. രാജ്യത്തിന്റെ പരമാധികാരം പൂർണമായി വീണ്ടെടുക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് യെമൻ പ്രസിഡന്റ് റഷാദ് അൽ അലിമി വ്യക്തമാക്കി. ഹൂതികൾ ആയുധം വെച്ച് കീഴടങ്ങിയാൽ പൊതുമാപ്പ് നൽകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
സമാധാന ചർച്ചകൾക്കും സംഘർഷങ്ങൾ ഒഴിവാക്കുന്നതിനുമായി സർക്കാരിന് നൽകാൻ കഴിയുന്ന എല്ലാ അവസരങ്ങളും സമയവും നൽകിയിരുന്നുവെന്നും എന്നാൽ സമാധാന ശ്രമങ്ങളെല്ലാം പൂർണ്ണമായി പരാജയപ്പെട്ട സാഹചര്യത്തിലാണ് സൈനിക നടപടിയിലേക്ക് കടക്കുന്നതെന്നും റഷാദ് അൽ അലീമി വ്യക്തമാക്കി.
2014 മുതൽ തലസ്ഥാനമായ സനാ ഉൾപ്പെടെയുള്ള വടക്കുപടിഞ്ഞാറൻ പ്രദേശങ്ങൾ ഹൂതികളുടെ നിയന്ത്രണത്തിലാണ്. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ പ്രധാന പാതയായ ബാബ് അൽ മന്ദബ് കടലിടുക്കും അതിനോട് ചേർന്നുള്ള ഏകദേശം 150 കിലോമീറ്ററോളം വരുന്ന ചെങ്കടൽ തീരപ്രദേശവും ഹൂതികൾ പിടിച്ചെടുത്തിരുന്നു. അടുത്തിടെ തന്ത്രപ്രധാനമായ തായിസ് നഗരത്തെ സർക്കാരിന്റെ താൽക്കാലിക തലസ്ഥാനമായ അദനുമായി ബന്ധിപ്പിക്കുന്ന വിതരണ പാത ഹൂതികൾ പിടിച്ചെടുക്കുകയും നഗരത്തെ ഉപരോധിക്കുകയും ചെയ്തതാണ് പുതിയ സൈനിക നീക്കത്തിന് കാരണം.
ഹൂതികളുടെ സൈനിക താവളങ്ങളിൽ നിന്നും വിതരണ പാതകളിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞിരിക്കാൻ നിർദേശിച്ചിട്ടുണ്ട്. കൂടാതെ, ആയുധം വച്ചു കീഴടങ്ങുന്ന വിമതർക്ക് പൊതുമാപ്പ് നൽകുമെന്നും പ്രസിഡന്റ് അറിയിച്ചു.
അതേസമയം സൈനിക നീക്കം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സൗദി സഖ്യസേന കഴിഞ്ഞ മണിക്കൂറുകളില്‍ 50 ഓളം വ്യോമാക്രമണങ്ങള്‍ നടത്തിയതായി ഹൂതികള്‍ ആരോപിച്ചു. ഇതിന് പ്രതികാരമായി റിയാദിലുള്ള സൗദി അരാംകോയുടെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്ക് നേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായും ഹൂതികള്‍ അവകാശപ്പെട്ടു.
SUMMARY: Saudi-backed move to retake Houthi-controlled areas in Yemen; amnesty for Houthis who lay down their arms.
















