പട്ന: പരീക്ഷാ കേന്ദ്രത്തിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. ബിഹാറിലെ പട്നയിലാണ് സംഭവം. മസൗരി സ്വദേശി കോമൾ കുമാരിയാണ് മരിച്ചത്. പരീക്ഷാ കേന്ദ്രത്തിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്നാണ് വിദ്യാർഥിനി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു.
ചൊവ്വാഴ്ച പെൺകുട്ടി മഹാരാജ്‌ചക്കിലെ ബന്ധുക്കളുടെ ഗ്രാമത്തിലേക്ക് പോയിരുന്നു. ആറ് കിലോമീറ്റർ അകലെയായിരുന്നു പരീക്ഷാ കേന്ദ്രം. രാവിലെ 9ന് പരീക്ഷയ്ക്ക് റിപ്പോർട്ട് ചെയ്യേണ്ടിയിരുന്നെങ്കിലും 9.15നാണ് കേന്ദ്രത്തിൽ എത്താനായത്. അപ്പോഴേക്കും ഗേറ്റുകൾ അടച്ചിരുന്നു.
9:30 നാണ് പരീക്ഷകൾ ആരംഭിക്കുക. 15 മിനിറ്റുമാത്രമാണ് വൈകിയതെന്നും പരീക്ഷ എഴുതാനായില്ലെങ്കിൽ തന്റെ ഭാവി അപകടത്തിലാകുമെന്നും പെൺകുട്ടി സുരക്ഷാ ജീവനക്കാരനോട് പറഞ്ഞു. ഗേറ്റ് തുറന്നു നൽകാൻ പെൺകുട്ടി അപേക്ഷിച്ചെങ്കിലും സുരക്ഷാ ജീവനക്കാരൻ അനുവദിച്ചില്ല.
പ്രവേശനം നിഷേധിച്ചതോടെ ദുഖിതയായി കോമൾ വീട്ടിലേക്ക് മടങ്ങി. നദൗലിയിൽ നിന്നും ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. തരേഗ്ന, മസൗരി കോടതി സ്റ്റേഷനുകൾക്കിടയിൽ ഓടുന്ന ട്രെയിനിൽ നിന്ന് കോമൾ താഴേക്ക് ചാടി. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
ബന്ധുക്കൾക്ക് തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലായിരുന്ന മൃതദേഹം പിന്നീട് പൊലീസ് സോഷ്യൽ മീഡിയയിൽ ഫോട്ടോ പങ്കുവെച്ചതിലൂടെയാണ് തിരിച്ചറിഞ്ഞത്. ഇതര സംസ്ഥാനത്ത് തൊഴിലാളിയായി ജോലി ചെയ്യുന്ന പിതാവിൻ്റെ മൂന്ന് മക്കളിൽ മൂത്തവളായിരുന്നു കോമൾ. പരീക്ഷാ നടത്തിപ്പിലെ കർക്കശമായ സമയക്രമങ്ങൾ ഒരു വിദ്യാർഥിനിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും ചോദ്യങ്ങളും ഇപ്പോൾ ഉയരുന്നുണ്ട്.
SUMMARY: Student jumps to death from moving train after not being allowed into exam hall















