തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങപ്പാറയിൽ 17- കാരൻ്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാങ്ങപ്പാറ ഭഗത്‌സിങ് നഗറിൽ പുതുവൽ പുത്തൻ വീട്ടിൽ അഭിരാം (17 ) ൻ്റെ മൃതദേഹമാണ് പേരൂർ അംഗണവാടിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. പരുത്തിപ്പാറ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ് അഭിരാം. ഒരു പെൺ സുഹൃത്തും മറ്റൊരു ആൺ സുഹൃത്തുമാണ് കസ്റ്റഡിയിൽ. പെൺകുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകം ആസൂത്രിതമെന്ന് തെളിവെടുപ്പിനിടെ പ്രതിയായ 17കാരന്‍ മൊഴി നൽകി.
അഭിരാമിനെയല്ല കുട്ടിയുടെ മറ്റൊരു സൂഹൃത്തിനെയാണ് കൊല്ലാന്‍ ഉദ്ദേശിച്ചത്. എന്നാൽ ഇതിനിടെയുണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് കസ്റ്റഡിയിലെടുത്ത പ്രതി മൊഴി നൽകിയത്. ഗൂഢാലോചനയിൽ പെൺകുട്ടിക്കും പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. പെൺകുട്ടിയുടെ ഇൻസ്റ്റാ ഐഡി ഉപയോഗിച്ച് ചാറ്റ് ചെയ്താണ് അഭിരാമിനെ വിളിച്ചു വരുത്തിയത്. ബെൽറ്റ് കൊണ്ട് കഴുത്ത‍് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ചാക്കിൽ കെട്ടി പേരൂർ അങ്കണവാടിക്ക് സമീപം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
സമീപത്ത് വീടുകൾ ഒന്നുമില്ല. കാടുപിടിച്ച് കിടക്കുന്ന സ്ഥലമാണ് ഇവിടം. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അഭിരാമിനെ കാണാതാവുന്നത്. ഉച്ചയ്ക്ക് ഒരു ഫോൺകോൾ വരികയും പാങ്ങപ്പാറയിൽ പോകുന്നു എന്ന് പറഞ്ഞ് അഭിരാം പോകുകയായിരുന്നു. പിന്നീട് വൈകിട്ട് ആയിട്ടും കാണാതായതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പെൺസുഹൃത്താണ് വിളിച്ചതെന്ന് മനസ്സിലാക്കിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റ് സുഹൃത്തിനെയും ചോദ്യം ചെയ്തു. തുടർന്നാണ് സംഭവത്തെക്കുറിച്ച് പോലീസിന് വ്യക്തത വരുന്നത്.
അതേസമയം, സംഭവത്തില്‍ പോലീസിന് വീഴ്ചയുണ്ടെന്ന വിമര്‍ശനവും ശക്തമാകുകയാണ്. തിങ്കളാഴ്ച അഭിറാമിനെ കാണാനില്ലെന്ന പരാതി ലഭിച്ചിട്ടും പോലീസ് കൃത്യമായ അന്വേഷണം നടത്തിയില്ലെന്നാണ് കുടുംബം ഉയര്‍ത്തുന്ന ആരോപണം. പോലീസ് അപ്പോള്‍ തന്നെ അന്വേഷണം ശക്തമാക്കിയിരുന്നെങ്കില്‍ കൊലപാതകത്തിലേക്ക് കാര്യങ്ങള്‍ പോകുമായിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. കേസില്‍ കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയുടെ പങ്കിലും അന്വേഷണം തുടരുകയാണ്.
SUMMARY: Murder of a Plus One student in Thiruvananthapuram; 3 people, including a girl, taken into custody; dispute related to a romantic affair led to the killing.
















