ബെംഗളൂരു: മഹാത്മാ ഗാന്ധിയെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് പ്രതിഷേധക്കാര്‍ നാടക സംവിധായകന്റെ മുഖത്ത് മഷിയൊഴിച്ചു. മൈസൂരുവില്‍ നിന്നുള്ള സംവിധായകന്‍ അഡന്ത സി കരിയപ്പയെയാണ് ഒരു കൂട്ടം പ്രതിഷേധക്കാര്‍ തടഞ്ഞുവച്ച് മഷിയൊഴിച്ചത്. ബെംഗളൂരു ബനശങ്കരിയിലെ സുചിത്ര ഫിലിം അക്കാദമിയില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
അഡന്ത സി കരിയപ്പ സംവിധാനം ചെയ്ത ‘ഗാന്ധി ഹത്യേയ സത്യ’ (ഗാന്ധി വധത്തിന് പിന്നിലെ സത്യം) എന്ന നാടകത്തിനിടെയാണ് പ്രതിഷേധമുണ്ടായത്. ഗാന്ധിയെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് പ്രതിഷേധക്കാര്‍ വേദിയി കയറി. ഗാന്ധിയെക്കുറിച്ച് തെറ്റായ കാര്യങ്ങളാണ് കരിയപ്പ പ്രചരിപ്പിക്കുന്നതെന്ന് ഇവര്‍ ആരോപിച്ചു. ഗാന്ധിയെ ദേശവിരുദ്ധനും മുസ്‌ളീങ്ങളുടെ അടിമയായും ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സെയെ നായകനായി ഉയര്‍ത്തിക്കാട്ടുന്നു.
രാജ്യവിഭജനത്തിന് കാരണം ഗാന്ധിയും കോണ്‍ഗ്രസുമാണെന്ന് നാടകത്തില്‍ പരാമര്‍ശിക്കുന്നുവെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. കാണികളില്‍ ചിലര്‍ ചോദ്യം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സംവിധായകന്‍ ഇവര്‍ക്കെതിരെ മോശം ഭാഷ പ്രയോഗിച്ചെന്നും പരാതിയുണ്ട്.സംഭവത്തില്‍ കരിയപ്പക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ ബിജെപിയുടെ ഭരണകാലത്ത് രംഗായന നാടകവേദിയുടെ ഡയറക്ടറായി കരിയപ്പയെ നിയമിച്ചിട്ടുണ്ട്. നേരത്തേയും പല വിവാദങ്ങളിലും അദ്ദേഹം ഇടംപിടിച്ചിട്ടുണ്ട്.
SUMMARY: Gandhiji portrayed in a poor light; protesters smear ink on theatre director’s face
















