മുംബൈ: പ്രമുഖ ടെലിവിഷൻ താരം അനൂജ് താക്കൂർ (33) അന്തരിച്ചു. മുംബൈ ഒഷിവാരയിലെ വീട്ടിൽ ഒക്ടോബർ 27-നാണ് അദ്ദേഹം അന്തരിച്ചത്. ഉറക്കത്തിൽ ഉണ്ടായ അപസ്മാരത്തെ തുടർന്നാണ് മരണമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും കാസ്റ്റിംഗ് ഡയറക്ടറുമായ രൂപേഷ് സോനാർ സ്ഥിരീകരിച്ചു. ‘ബന്ധൻ സാത് ജൻമോൻ കാ’, ‘ധൂം മച്ചാവോ ധൂം’, ‘മഹിസാഗർ’, ‘ബീന്ത് ബനൂംഗ ഗോഡി ചധുംഗ’ തുടങ്ങിയ നിരവധി ജനപ്രിയ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയനായ നടനാണ് അനൂജ് താക്കൂർ.
വർഷങ്ങൾക്ക് മുമ്പും അനൂജിന് അപസ്മാര ബാധയുണ്ടായിട്ടുണ്ടെന്നും മരുന്നുകൾ കഴിക്കുന്നുണ്ടായിരുന്നുവെന്നും സുഹൃത്ത് രൂപേഷ് വെളിപ്പെടുത്തി.തന്റെ മുറിയിൽ തനിച്ചായിരുന്നതിനാൽ, അപസ്മാരമുണ്ടായ സമയത്ത് അനൂജിന് ചികിത്സ ലഭ്യമാക്കാൻ സാധിച്ചില്ല. പതിവായി രാവിലെ 4:30-ന് ഉണരാറുള്ള അനൂജ്, അലാറം അടിച്ചിട്ടും എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് അമ്മ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം പിന്നീട് ഹരിദ്വാറിൽ സംസ്‌കരിച്ചു.
അപ്രതീക്ഷിതമായി ഉണ്ടായ അനൂജിന്റെ മരണവാർത്ത പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേർ ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തി. അടുത്തിടെ സൗത്ത് ആഫ്രിക്കയിൽ നടത്തിയ യാത്രയുടെ ചിത്രങ്ങളും വീഡിയോകളും അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ഈ അവസാന പോസ്റ്റുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
SUMMARY: Epileptic seizure during sleep; television actor Anuj Thakur found dead
















