ബെംഗളൂരു: ബെംഗളൂരു നഗരത്തിന്റെ സാംസ്കാരിക ഹൃദയമായ കുമാരകൃപ റോഡിലെ കർണാടക ചിത്രകല പരിഷത്ത് ആർട്ട് ഗാലറിയിൽ കലയുടെ പുതിയ ലോകം തുറക്കുകയാണ് ‘അനംകാര’ എന്ന ചിത്ര- ഇൻസ്റ്റലേഷൻ ആർട്ട് പ്രദർശനത്തിലൂടെ. എട്ടോളം പ്രതിഭാധനരായ കലാകാരന്മാരുടെ സർഗ്ഗാത്മകതയാണ് ഇവിടെ ദൃശ്യമാകുന്നത്. മലയാളി ചിത്രകാരന്മാരായ ശ്രീനി വണ്ണാടിൽ, രാജേഷ് എ. വി, ഐശ്വര്യ വിശ്വകുമാർ, ബൈജു എസ്, സിന കെ എസ് എന്നിവർക്കൊപ്പം കുർഷിദ് യാക്കൂബ്, സപ്ന നൊരോന, സൗരിമ ദാസ് എന്നിവരുടെ സൃഷ്ടികളും പ്രദർശനത്തിലുണ്ട്. അക്രിലിക്, ഓയിൽ നിറങ്ങളിൽ തീർത്ത വ്യത്യസ്തങ്ങളായ ചിത്രങ്ങളോടൊപ്പം, കാലത്തിൻ്റെ അനിവാര്യത ഓർമിപ്പിക്കുന്ന ശില്പങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ശ്രീനി വണ്ണാടിൽ, ഷാനവാസ് എം.ടി എന്നിവരുടെ നേതൃത്വത്തിലുള്ള ‘ക്ലിയതാലിയ ക്യൂറേറ്റേഴ്സ്’ ആണ് പ്രദർശനത്തിന്റെ സംഘാടകർ. കലാകാരന്മാരെയും ആസ്വാദകരെയും ആശയങ്ങളെയും അർത്ഥവത്തായ കലാപരമായ അനുഭവങ്ങളിലൂടെ പരസ്പരം ബന്ധിപ്പിക്കുന്നതിനായി രൂപീകരിച്ച ഒരു ആർട്ട് കമ്മ്യൂണിറ്റിയും ക്യൂറേറ്റോറിയൽ പ്ലാറ്റ്ഫോമുമാണ് ക്ലിയതാലിയ.

കലാകാരന്മാർ കണ്ടെത്തപ്പെടുകയും, പരസ്പരം ബന്ധപ്പെടുകയും, പിന്തുണയ്ക്കപ്പെടുകയും, കൂടുതൽ വിശാലമായ ആസ്വാദകരിലേക്ക് എത്തിച്ചേരാനുള്ള അവസരങ്ങൾ ലഭിക്കുകയും ചെയ്യുന്ന ഊർജ്ജസ്വലവും ഉൾക്കൊള്ളൽ മനോഭാവമുള്ളതുമായ ഒരു കലാ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. ഒക്ടോബർ 31 ന് തുടങ്ങിയ പ്രദർശനം നവംബർ 4 വരെ ഉണ്ടായിരിക്കും.
SUMMARY: ‘Anankara’: Exhibition of paintings and installations by Malayali artists in Bengaluru draws attention















