ബെംഗളൂരു: സാഹിത്യ സംവാദങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും വേദിയായി ബെംഗളൂരു കോറമംഗലയിലെ സെന്റ് ജോണ്‍സ് ഓഡിറ്റോറിയം കാമ്പസ്. മൂന്നാമത് ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നലെ നടന്ന വിവിധ സെഷനുകള്‍ സാഹിത്യാസ്വാദകാരുടെ നിറ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. വിവിധ ഭാഷകളില്‍ സംവാദങ്ങള്‍, പുസ്തക ചര്‍ച്ച എന്നിവ അടക്കം 60 ഓളം സെഷനുകളാണ് ഇന്നലെ നടന്നത്. കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലെ എഴുത്തുകാരും ചിന്തകരും സെഷനുകളുടെ ഭാഗമായി.


മലയാളം വിഭാഗത്തില്‍ രാവിലെ 11 ന് നടന്ന മലയാള നാടകം – രചനയും ആവിഷ്കാരവും എന്ന സെഷനില്‍ നാടക പ്രവര്‍ത്തകാരായ പ്രകാശ് ബാരെ, അനിൽ തിരുമംഗലം, രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. കെ ആർ കിഷോർ മോഡറേറ്ററായിരുന്നു. സമകാലിക മലയാള നാടകവേദി നേരിടുന്ന പ്രമേയപരവും സാങ്കേതികവുമായ മാറ്റങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള ആഴത്തിലുള്ള ചർച്ചയ്ക്കാണ് സെഷന്‍ വേദിയായത്. ഉച്ചക്ക് നടന്ന മലയാള ചെറുകഥ- വളർച്ചയും പുതിയ പ്രവണതകളും എന്ന സെഷനില്‍ എഴുത്തുകാരായ കെ പി രാമനുണ്ണി, അർഷാദ് ബത്തേരി, എന്നിവര്‍ പങ്കെടുത്തു. ബ്രിജി കെ ടി മോഡറേറ്ററായി. വൈകിട്ട് നടന്ന സാഹിത്യ വിമർശനത്തിന്റെ വർത്തമാനത്തില്‍ ഇ പി രാജഗോപാലൻ, രാഹുൽ രാധാകൃഷ്ണൻ, സജയ് കെ വി എന്നിവര്‍ പങ്കെടുത്തു. രാഹുൽ എ ആർ മോഡറേറ്ററായിരുന്നു.

മുഖാമുഖം പരിപാടിയില്‍ മലയാളം എഴുത്തുകാരായ ബെന്ന്യമിന്‍, സോണിയ ചെറിയാന്‍, സന്തോഷ് ഏച്ചിക്കാനം എന്നിവര്‍ പങ്കെടുത്തു. അനാവരണയില്‍ നടന്ന പുസ്തക പ്രകാശന പരിപാടിയില്‍ എഴുത്തുകാരന്‍ സക്കറിയയുടെ 50 കഥകള്‍- ഇംഗ്ലീഷ് കഥാസമാഹാരം പ്രകാശനം ചെയ്തു. തുടര്‍ന്നു സക്കറിയ അനുപമ രാജുവുമായി നടത്തിയ സംഭാഷണവും നടന്നു. നീണ്ട കഥകൾ- മലയാളം സെഷനില്‍ എൻ.എസ്.മാധവൻ ടി പി വിനോദുമായുള്ള സംഭാഷണം, ജ്ഞാനഭാരം എന്ന കൃതിയെ വിലയിരുത്തി നടന്ന പരിപാടിയില്‍ രചയിതാവ് ഇ. സന്തോഷ് കുമാർ, ടോണി സേവ്യര്‍, രാഹുൽ രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

സമാപന ദിവസമായ ഇന്ന് മൂന്നു മലയാളം സെഷനുകളാണ് നടക്കുന്നത്. രാവിലെ 11 മുതൽ വേദി: മഥനയില്‍ നടക്കുന്ന കവിതയിലെ വിഭിന്ന സ്വരങ്ങൾ എന്ന സെഷനില്‍ പി രാമൻ, സന്ധ്യ ഇ, സോമൻ കടലൂർ, ടി പി വിനോദ് (മോഡറേറ്റർ) എന്നിവര്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് 1 ന് വേദി അക്ഷരയില്‍ നടക്കുന്ന കോളമെഴുത്ത് മലയാളത്തിൽ എന്ന പരിപാടിയില്‍ എംകെ ഹരികുമാർ, ജേക്കബ് എബ്രഹാം, ഇന്ദിരാ ബാലൻ എന്നിവര്‍ പങ്കെടുക്കും. ഉമേഷ് രാമൻ മോഡറേറ്ററാകും
വൈകിട്ട് 3 ന് മഥനയില്‍ നടക്കുന്ന ടെക്നോ സംസ്കാരവും സാഹിത്യവും എന്ന സെഷനില്‍ എൻഎസ് മാധവൻ, സന്തോഷ് ഏച്ചിക്കാനം, എംപി ലിബിൻ രാജ്, അനീസ് സിസിഒ (മോഡറേറ്റർ) എന്നിവര്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് 12 ന് നടക്കുന്ന മുഖാമുഖത്തില്‍ എഴുത്തുകാരായ എന്‍ എസ് മാധവന്‍, ഉച്ചയ്ക്ക് 1 ന് സക്കറിയ, ഉച്ചയ്ക്ക് രണ്ടിന് പോയട്രീ വിഭാഗത്തില്‍ സോമൻ കടലൂർ, 1.45 ന് ചിന്നാര ലോക- കുട്ടികളുടെ വിഭാഗത്തിൽ ‘യംഗ് വോയ്‌സസ്, ബിഗ് സ്റ്റോറീസ്’ (ഇംഗ്ലീഷ് + മലയാളം) എന്ന സെഷനില്‍ മലയാളി ബാല രചയിതാവ് ഓസ്റ്റിൻ അജിത്ത് എന്നിവര്‍ പങ്കെടുക്കും.
സാഹിത്യ സെഷനുകൾക്കൊപ്പം സംഗീതവും യക്ഷഗാനവും ഉൾപ്പെടുന്ന സാംസ്കാരിക പരിപാടികളും ഇന്ന് അരങ്ങേറും.മേളയുടെ പ്രധാന വേദിയായ സെന്റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍ രാവിലെ 8.30 മുതല്‍ 9:50 വരെ അനിരുദ്ധ് ഐതാളും സംഘവും അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീത കച്ചേരി നടക്കും. വൈകിട്ട് 5 ന് നടക്കുന്ന ചടങ്ങിൽ ഈ വർഷത്തെ ബുക്ക് ബഹ്മ പുരസ്കാരം സമർപ്പിക്കും. പ്രശസ്ത തെലുങ്ക് സാഹിത്യകാരൻ മുഹമ്മദ് ഖദീർ ബാബുവിനാണ് ഇത്തവണത്തെ ബുക്ക് ബ്രഹ്മ പുരസ്കാരം. ബുക്ക് ബ്രഹ്മ ഫൗണ്ടേഷനും ബുക്ക്‌വേമും സംയുക്തമായി നൽകുന്ന ‘ബുക്ക് ബ്രഹ്മ–ബുക്ക്‌വേം ഇംഗ്ലീഷ് ഫിക്ഷൻ ഓഫ് ദി ഇയർ 2026’ നേടിയ ജനനി കണ്ണനും വേദിയില്‍ വെച്ച് പുരസ്കാരം നല്‍കും. തമിഴ് എഴുത്തുകാരനായ പെരുമാൾ മുരുകന്റെ നോവലിന്‍റെ ഇംഗ്ലീഷ് പരിഭാഷ ‘ഫയര്‍ ബേര്‍ഡ്’ ആണ് ജനനി കണ്ണനെ പുരസ്കാര ജേതാവാക്കിയത്.
വൈകുന്നേരം 6.30 മുതല്‍ പട്‌ല സതീഷ് ഷെട്ടിയുടെ നേതൃത്വത്തില്‍ നാഗവൃജ ക്ഷേത്ര പാവഞ്ചെയുടെ ശ്രീ ജ്ഞാനശക്തി സുബ്രഹ്‌മണ്യസ്വാമി കൃപാപോഷിത യക്ഷഗാന മണ്ഡലി അവതരിപ്പിക്കുന്ന യക്ഷഗാനത്തോടെ സാഹിത്യോത്സവത്തിന് സമാപനമാകും.
















