ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടിക്കടുത്ത് ദേശീയപാത 73-ൽ ഗൂഡ്സ് ടെമ്പോയും രണ്ട് ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു. സ്കൂട്ടർ യാത്രികനായ നാവൂർ സ്വദേശി സന്തോഷ് (32), ബൈക്ക് യാത്രികനായ കണിയൂർ പിലികൂട് നിവാസി മോഹൻ (33) എന്നിവരാണ് മരിച്ചത്.
കസബ ചർച്ച് ക്രോസ് ജംഗ്ഷനിൽ വെച്ചാണ് അപകടം ഉണ്ടായത്. മംഗളൂരു ഭാഗത്ത് നിന്നും ചിക്കമഗളൂരിലേക്ക് പോകുകയായിരുന്ന ടാറ്റാ ഗൂഡ്സ് വാഹനം, ഗുരുവായനക്കെരെ ഭാഗത്തേക്ക് പോകുകയായിരുന്ന രണ്ട് ഇരുചക്രവാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. ഗൂഡ്സ് വാഹനം ഓടിച്ചിരുന്ന ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് സംശയിക്കുന്നു.
സന്തോഷ് സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മോഹൻ, ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. വിവരമറിഞ്ഞ് ബെൽത്തങ്ങാടി ട്രാഫിക് പോലീസ് സ്ഥലത്തെത്തി.സംഭവത്തിൽ ബിഎൻഎസ് സെക്ഷൻ 281, 106(1) എന്നിവ പ്രകാരം ബെൽത്തങ്ങാടി ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
SUMMARY: Three vehicles collide; two bike riders meet a tragic end.
















