ബെംഗളൂരു: നഗരത്തിൽ വീണ്ടും ബൈക്ക് ടാക്സികൾക്ക് എതിരേ നടപടി നടപടി കടുപ്പിച്ച് ഗതാഗതവകുപ്പ്. അനധികൃതമായി സർവീസ് നടത്തുന്ന ബൈക്ക് ടാക്സികൾക്കെതിരെയാണ് നടപടി. ബൈക്ക് ടാക്സികൾക്ക് അനുമതി നൽകിയ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയതിനു പിന്നാലെയാണു പരിശോധന ശക്തമാക്കിയത്. അനധികൃതമായി പ്രവർത്തിക്കുന്ന ബൈക്ക് ടാക്സിക്കാരെ പിടികൂടുകയും ഇവരുടെ ഇരുചക്രവാഹനങ്ങൾ പിടിച്ചെടുക്കുകയുമാണ് ചെയ്യുന്നത്. ആദ്യദിനത്തില്‍ 263 ബൈക്കുകള്‍ പിടികൂടി. ബൈക്ക് ടാക്സിയായി പ്രവർത്തിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസും വാഹനങ്ങളുടെ രജിസ്ട്രേഷനും താത്കാലികമായി റദ്ദാക്കുമെന്ന് മോട്ടോർവാഹന വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസം നിയമവിധേയമായി ബൈക്ക് ടാക്സി സർവീസ് നടത്തുന്ന വെബ്ടാക്സി കമ്പനികളുമായി ഗതാഗത വകുപ്പ് നടത്തിയ ചർച്ചയിൽ അനധികൃതമായി സർവീസ് നടത്തുന്നവർക്കെതിരെ നടപടി ശക്തമാക്കണമെന്നു കർണാടക ആപ് ബേസ്ഡ് വർക്കേഴ്സ് യൂണിയൻ (കെഎഡബ്ല്യു) ആവശ്യപ്പെട്ടിരുന്നു.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ 2025 ജൂണില്‍ സർക്കാർ ബൈക്ക് ടാക്സി നിരോധിച്ചിരുന്നു. ജനുവരിയില്‍ നിരോധനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിൻവലിച്ചു. ഇരുചക്രവാഹനങ്ങളായതിന്റെ പേരിൽ ടാക്സിയായി പ്രവർത്തിക്കൽ നിരസിക്കാൻ പാടില്ലെന്ന് ഡിവിഷൻ ബെഞ്ച് വിധിച്ചു. തുടർന്നാണ് നിരത്തുകളിൽ ബൈക്ക് ടാക്സികൾ വീണ്ടും സജീവമായത്. ബൈക്ക് ടാക്സി സർവീസിനായി വ്യക്തമായ നയരൂപീകരണം നടത്താൻ വൈകരുതെന്നും ഹൈക്കോടതി സർക്കാരിനു നിർദേശം നൽകിയിരുന്നു.
















