ബെംഗളൂരു: ബെംഗളൂരുവിൽ റോഡിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവതിയെ അസഭ്യം പറയുകയും കാർ അടിച്ചു തകർക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 28-ന് രാവിലെ 11.10-ഓടെ കോറമംഗല പോലീസ് സ്റ്റേഷൻ പരിധിയിലെ ബി.ഡി.എ കോംപ്ലക്സ് സിഗ്നലിനും വാട്ടർ ടാങ്ക് സിഗ്നലിനും ഇടയിലുള്ള റോഡിലാണ് സംഭവം നടന്നത്. പ്രതികൾ സഞ്ചരിച്ച ഇരുചക്ര വാഹനം യുവതിയുടെ കാറിലിടിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് പിന്നീട് കയ്യാങ്കളിയിലും അതിക്രമത്തിലും കലാശിച്ചത്.
വാഹനങ്ങൾ തമ്മിലിടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ പ്രതികൾ യുവതിയെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഹെൽമെറ്റ് ധരിച്ചെത്തിയ പ്രതികളിൽ ഒരാൾ യുവതിയുടെ കാറിന്റെ പിൻവശത്തെ ഇടത് വശത്തെ ചില്ല് തകർക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഗ്ലാസ് തകർക്കാൻ കഴിയാതെ വന്നപ്പോൾ പ്രതികൾ റോഡിൽ കിടന്നിരുന്ന വലിയൊരു കല്ലെടുത്ത് കാറിന് നേരെ എറിയുകയായിരുന്നു.
കൂടാതെ, തങ്ങളുടെ കൈവശമുണ്ടായിരുന്ന ഹെൽമെറ്റുകൾ ഉപയോഗിച്ച് കാറിന്റെ ബോണറ്റിലും ഇടത് വശത്തും അടിക്കുകയും, റിയർ വ്യൂ മിറർ (സൈഡ് മിറർ) അടിച്ചു തകർക്കുകയും ചെയ്തു. ആക്രമണത്തിൽ കാറിന് 15,000 നും 20,000 നും രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായി പരാതിയിൽ പറയുന്നു.
സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും, ദൃശ്യങ്ങളുടെയും മറ്റും അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
SUMMARY: Violence on the road: Three arrested in Bengaluru for using abusive language towards a woman and damaging her car.
















