ബെംഗളൂരു: രാജ്യത്ത് ഏറ്റവുമധികം ഇവി ചാർജിങ് സ്റ്റേഷനുകൾ ബെംഗളൂരുവിലാണെന്ന് റിപ്പോർട്ട്. കേന്ദ്ര ഊർജ മന്ത്രാലയത്തിൻ്റെ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
ബെംഗളൂരുവിൽ 4,462 ചാർജിംഗ് സ്റ്റേഷനുകളും കർണാടകയിലുടനീളം ആകെ 5,765 ചാർജിംഗ് സ്റ്റേഷനുകളുമുണ്ട്. 2017-ലാണ് കർണാടകയിൽ ആദ്യമായി ഇവി നയം നടപ്പാക്കുന്നത്. ഇതിന് ശേഷം ഇലക്ട്രിക് വാഹനങ്ങൾ സംസ്ഥാനത്ത് ഗണ്യമായി വർധിച്ചു. സ്വിഗ്ഗി, സൊമാറ്റോ എന്നിവയിൽ നിന്നുള്ള ഭക്ഷണ വിതരണ ഏജന്റുമാരും, കൊറിയർ ജീവനക്കാരുമാണ് സംസ്ഥാനത്ത് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ ഏറ്റവുമധികം ഉപയോഗിക്കുന്നത്.
ബിബിഎംപി, ടിടിഎംസി, ബിഡിഎ ഓഫീസുകൾ ഉൾപ്പെടെ സർക്കാർ ഓഫീസ് പരിസരങ്ങളിൽ ബെസ്കോം (ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി) നിരവധി ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനികളും തങ്ങളുടെ കോർപ്പറേറ്റ് വാഹനങ്ങൾക്കായി പ്രധാന സ്ഥലങ്ങളിൽ സ്റ്റേഷനുകൾ സ്ഥാപിച്ച് നഗരത്തിൻ്റെ ഇവി ചാർജിംഗ് ശൃംഖല വർധിപ്പിച്ചു. റെസിഡൻഷ്യൽ അപ്പാർട്ട്‌മെൻ്റ് സമുച്ചയങ്ങളിൽ ബിബിഎംപിയുടെ മേൽനോട്ടത്തിൽ ഇവി ചാർജിംഗ് സൗകര്യങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
ഇത് കൂടാതെ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഒരേസമയം 23 വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയുന്ന സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇവി ചാർജിംഗ് ഹബ് ബെസ്കോം നിർമ്മിക്കുന്നുണ്ട്. വെറും 30 മിനിറ്റിനുള്ളിൽ വാഹനങ്ങൾ ഫുൾ ചാർജ് ആകുന്ന തരത്തിലാണ് പുതിയ സംവിധാനം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇവി ചാർജിംഗ് സേവനം നൽകുന്ന ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യ സ്റ്റേഷൻ കൂടിയാണിത്. നവംബറോട് ചാർജിങ് സ്റ്റേഷൻ തുറക്കാനാണ് ബെസ്കോം പദ്ധതിയിടുന്നത്.