പാമ്പാടി: പാമ്പാടിയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടു വിദ്യാർഥിനികൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. കുമളി-കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സി എം എസ് ബസിന്റെ ഡ്രൈവര്‍ക്കെതിരെയാണ് പാമ്പാടി പോലീസ് കേസെടുത്തത്. റോഡിലിറങ്ങി അലക്ഷ്യമായി നിന്നവരും അപകടത്തിന് ഉത്തരവാദികളാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പോലീസും മോട്ടർ വാഹന വകുപ്പും രണ്ട് ദിവസമായി അപകടത്തെ കുറിച്ച് അന്വേഷിച്ചുവരികയാണ്.
കെ.കെ റോഡിൽ പതിമൂന്നാം മൈലിൽ കഴിഞ്ഞ ബുധനാഴ്ച രാവിലെ 8.40ഓടെയാണ് അപകടമുണ്ടായത്. പാമ്പാടിയിൽനിന്ന് പുളിക്കൽ കവലയിലേക്ക് പോവുകയായിരുന്ന മീനടം സ്വദേശികളായ ആഷ്‌ലി, കൃപ എന്നിവർ സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. റോഡിലേക്ക് ഇറങ്ങിനിന്ന് സംസാരിച്ചിരുന്ന രണ്ടുപേരെ ഇടിക്കാതിരിക്കാൻ മുന്നിൽ പോയ കാർ ബ്രേക്ക് ചെയ്തതോടെ പിന്നിൽ വന്ന സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. എതിർദിശയിൽ വന്ന കുമളി–കോട്ടയം റൂട്ടിലെ സിഎംഎസ് ബസിനടിയിലേക്ക് സ്കൂട്ടർ യാത്രക്കാർ വീണു. ഇരുവരുടെയും ശരീരത്തിലൂടെ ബസിന്റെ ടയർ കയറിയിറങ്ങിയതോടെ തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു.
അപകടത്തിന്റെ പശ്ചാത്തലത്തിൽ റോഡിൽ അലക്ഷ്യമായി നിൽക്കുന്നതിന്റെ അപകടസാധ്യത ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് സമൂഹമാധ്യമങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു. ‘സൊറ പറയാനുള്ള ഇടമല്ല റോഡ്’ എന്ന മുന്നറിയിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കുവെച്ചത്.
SUMMARY: Accident in Pampady that led to the deaths of two young women; case registered against the bus driver.
















