ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജനത്തിന് മുന്നോടിയായി പന്തലിലെ അലങ്കാര വിളക്കുകൾ അഴിച്ചുമാറ്റുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 18കാരനായ വിദ്യാർഥി മരിച്ചു. കോലാർ ജില്ലയിലെ ബംഗാരപേട്ട് താലൂക്കിലെ ബീരന്ദഹള്ളി ഗ്രാമത്തിലാണ് സംഭവം. മിഥുൻ എന്ന യുവാവാണ് മരിച്ചത്.ഗണേശോത്സവത്തിനായി സ്ഥാപിച്ച പന്തലിലെ അലങ്കാരങ്ങൾ അഴിച്ചുമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. വൈദ്യുതി പ്രവഹിച്ചിരുന്ന കമ്പിയുമായി സമ്പർക്കമുണ്ടായതിനെ തുടർന്ന് മിഥുന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഗുരുതരമായി പരു ക്കേറ്റ യുവാവിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗണേശ വിഗ്രഹം സ്ഥാപിച്ചിരുന്ന സ്ഥലത്തെ അലങ്കാര വിളക്കുകൾക്കായി സമീപത്തെ ക്ഷേത്രത്തിൽനിന്നാണ് വൈദ്യുതി കണക്ഷൻ എടുത്തിരുന്നതെന്ന് പോലീസ് അറിയിച്ചു. വൈദ്യുതി കണക്ഷൻ ക്രമീകരിച്ച രീതിയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നതും പോലീസ് പരിശോധിച്ചുവരികയാണ്.
സംഭവത്തെ തുടർന്ന് ബംഗാരപേട്ട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.
















