തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സില്‍ യോഗത്തില്‍ ബിജെപി-യുഡിഎഫ് കൗണ്‍സിലർമാർ തമ്മില്‍ കയ്യാങ്കളി. കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന ബിജെപി കൗണ്‍സിലർ ആർ സുഗതനെ കൗണ്‍സിലില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നടത്തിയ പ്രതിഷേധമാണ് വൻ സംഘർഷത്തില്‍ കലാശിച്ചത്. വാക്കേറ്റം കൈയാങ്കളിയായതോടെ കൗണ്‍സില്‍ ഹാള്‍ യുദ്ധക്കളമായി മാറി.
ഹാജർ രജിസ്റ്ററിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ രജിസ്റ്റർ വലിച്ചുകീറാനും ശ്രമം നടന്നു. പരുക്കേറ്റ നിലയിലും ആംബുലൻസില്‍ കൗണ്‍സിലർമാരെ നഗരസഭയില്‍ എത്തിച്ച ശേഷമാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഉച്ചയ്ക്ക് 2:30ന് കൗണ്‍സില്‍ യോഗം ആരംഭിച്ചയുടൻ തന്നെ ആർ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങള്‍ ബഹളം വെച്ചു.
എന്നാല്‍, പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും അജണ്ടകള്‍ വേഗത്തില്‍ പാസാക്കി കൗണ്‍സില്‍ യോഗം പിരിഞ്ഞതായി അധികൃതർ പ്രഖ്യാപിച്ചു. ഇതോടെയാണ് യോഗഹാളില്‍ നാടകീയ സംഭവങ്ങള്‍ക്കും പരസ്പരമുള്ള ചേരിതിരിഞ്ഞുള്ള ചീത്തവിളികള്‍ക്കും തുടക്കമായത്.കൗണ്‍സില്‍ പിരിഞ്ഞതിന് പിന്നാലെ യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ശബരീനാഥൻ ഹാജർ രജിസ്റ്റർ പരിശോധിക്കുകയും ഒപ്പിടുകയും ചെയ്തു.
ഈ സമയം രജിസ്റ്റർ ആവശ്യപ്പെട്ട് ബിജെപി കൗണ്‍സിലർ ചെമ്പഴന്തി ഉദയന്റെ നേതൃത്വത്തിലുള്ള സംഘം ശബരീനാഥന് അടുത്തെത്തി.
തുടർന്നുണ്ടായ തർക്കം മിനിറ്റുകള്‍ക്കകം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. ഇരുവിഭാഗവും തമ്മില്‍ ഹാജർ രജിസ്റ്ററിനായി പിടിവലി കൂടുകയും, ഇതിനിടെ രജിസ്റ്റർ വലിച്ചുകീറി നശിപ്പിക്കാൻ ശ്രമം നടക്കുകയും ചെയ്തു. കൗണ്‍സിലർമാർ പരസ്പരം മർദ്ദിച്ചതോടെ വൻ സുരക്ഷാ വീഴ്ചയാണ് നഗരസഭയില്‍ ഉണ്ടായത്.
SUMMARY: BJP-UDF members clash in Thiruvananthapuram Municipality; scuffle over attendance register
















