ബെംഗളൂരു: കാവേരി നദീജല തർക്കത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ കന്നഡ അനുകൂല സംഘടനകൾ ഇന്ന് പ്രഖ്യാപിച്ച 12 മണിക്കൂര്‍ ബന്ദ് സമാധാനപരമായി സമാപിച്ചു. കാര്യമായ അനിഷ്ടസംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബന്ദിന്റെ പശ്ചാത്തലത്തിൽ മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി കന്നഡ സംഘടന നേതാവ് വാട്ടാല്‍ നാഗരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബെംഗളൂരു ഡോളർസ് കോളനിയിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. ബന്ദിന്റെ ഭാഗമായി ബെംഗളൂരുവിൽ പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് വാട്ടാല് നാഗരാജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രധാന കന്നഡ സംഘടനകളിൽ പലതും ബന്ദിൽ നിന്ന് വിട്ടുനിന്നു. എന്നാൽ വാട്ടാല്‍ നാഗരാജ് ബന്ദിൽ നിന്ന് പിന്മാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
സ്‌കൂളുകൾ, ബാങ്കുകൾ, ആശുപത്രികൾ, ഫാർമസികൾ എന്നിവ തുറന്നു പ്രവര്‍ത്തിച്ചു. ബിഎംടിസി, കെഎസ്ആർടിസി ജീവനക്കാരുടെ സംഘടനകൾ ബന്ദിനെ എതിർത്തതിനാൽ പൊതുഗതാഗതത്തെ ബന്ദ് കാര്യമായി ബാധിച്ചില്ല. ബസ് ഓപ്പറേറ്റർമാർ, ട്രാൻസ്‌പോർട്ടർമാർ, ഓട്ടോറിക്ഷാ സംഘടനകൾ എന്നിവരും പണിമുടക്ക് ബഹിഷ്‌കരിച്ചതായി റിപ്പോർട്ടുണ്ട്.
ಮನೆಯಿಂದ ಹೊರ ಬರಲ್ಲ.ಆಚೆ ಬರಲ್ಲ… ಹಠ ಹಿಡಿದ ವಾಟಾಳ್ ಮನೆಯಂಗಳದಲ್ಲೇ ವಶ https://t.co/Nx1s0ZO9dA#VatalNagaraj #Bengaluru #Karnatakabandh #Cauvery #Protest #Bengaluru pic.twitter.com/W4abs0p6d3
— PublicTV (@publictvnews) August 13, 2026
ബെംഗളൂരുവിൽ ബന്ദിന്റെ പ്രതികരണം ചില മേഖലകൾക്കനുസരിച്ച് വ്യത്യസ്തമായിരുന്നു. ബസ് സർവീസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗതം സാധാരണ നിലയില്‍ തുടർന്നു, ചില മേഖലകളിൽ കടകൾ അടഞ്ഞുകിടക്കുകയും ജനസാന്നിധ്യം കുറയുകയും ചെയ്തിട്ടുണ്ട്.
അതേസമയം, കാവേരി തീരപ്രദേശങ്ങളില്‍ പ്രതിഷേധം ശക്തമായിരുന്നു. കൊപ്പാളിൽ തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറികൾ തടഞ്ഞ് ഡ്രൈവർമാർക്ക് റോസാപ്പൂക്കൾ നൽകിയായിരുന്നു പ്രതിഷേധം. പിന്നീട് പോലീസ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു. തമിഴ്നാട് അതിർത്തിയായ കൃഷ്ണഗിരിയിലും കന്നഡ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് 50-ലധികം പേരെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് അതിർത്തിയിലെ ഗതാഗതം പുനഃസ്ഥാപിച്ചു.
തമിഴ്നാടിനു കാവേരി വെള്ളം വിട്ടുകൊടുക്കാനുള്ള കാവേരി വാട്ടർ റഗുലേഷൻ കമ്മിറ്റി (സിഡബ്ല്യുആർസി) നിർദേശത്തില്‍ പ്രതിഷേധിച്ചാണ് കന്നഡ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തത്. സംസ്ഥാനത്തിന്‍റെ കുടിവെള്ള-കാർഷിക ആവശ്യങ്ങൾ കണക്കിലെടുത്ത് ഇനി വെള്ളം വിട്ടുകൊടുക്കരുതെന്ന് പ്രതിഷേധക്കാർ കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ നിരവധി സംഘടനകൾ തുടക്കത്തിൽ ബന്ദിന് ഐക്യാദാർഢ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ധാർമിക പിന്തുണ മാത്രമേ നൽകുന്നുള്ളൂവെന്ന് അറിയിക്കുകയായിരുന്നു.
SUMMARY: Karnataka bandh; Public life not significantly affected, Vattal Nagarajan taken into custody at home
















