ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 78 ഡ്രോണുകൾ പിടിച്ചെടുത്തു. സിംഗപ്പൂരിൽനിന്ന് എത്തിയ രണ്ട് യാത്രക്കാരിൽനിന്നാണ് നിരോധിത വിഭാഗത്തിൽപ്പെട്ട ഡ്രോണുകൾ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെയും കസ്റ്റംസ് അറസ്റ്റ് ചെയ്തു. ബല്ലാരി സ്വദേശിയായ ശ്രീകാന്ത് (40), തമിഴ്നാട്ടിലെ രാമനാഥപുരം സ്വദേശിയായ സബീർ മുഹമ്മദ് റഫീഖ് (36) എന്നിവരാണ് പിടിയിലായത്. ഇവരുടെ ബാഗേജുകൾ പരിശോധിച്ചപ്പോഴാണ് ഡ്രോണുകൾ കണ്ടെത്തിയത്. ഡ്രോണുകൾക്കു പുറമെ 20 നവീകരിച്ച ലാപ്ടോപ്പുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
പിടിച്ചെടുത്ത ഡ്രോണുകളുടെ ആകെ വിപണിമൂല്യം ഏകദേശം 67.2 ലക്ഷം രൂപയാണെന്നാണ് കസ്റ്റംസ് അധികൃതരുടെ കണക്ക്. അനുമതിയില്ലാതെ ഡ്രോണുകൾ രാജ്യത്തേക്ക് കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് നടപടി സ്വീകരിച്ചത്.
പിടിച്ചെടുത്ത ഉപകരണങ്ങൾ എവിടേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതിയെന്നും ഇതിന് പിന്നിൽ മറ്റാരുടെയെങ്കിലും പങ്കുണ്ടോയെന്നും കണ്ടെത്താൻ കസ്റ്റംസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങൾ വഴിയുള്ള അനധികൃത ഇലക്ട്രോണിക് ഉപകരണങ്ങളുടെ കടത്ത് തടയുന്നതിന്റെ ഭാഗമായി പരിശോധന ശക്തമാക്കിയിട്ടുണ്ട്.
SUMMARY: 78 drones seized at Bengaluru airport; two passengers arrested.
















