ഫുജൈറ: യു.എ.ഇയിലെ ഫുജൈറയിൽ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ഫുജൈറയിൽ ഇവാ കഫ്റ്റീരിയ നടത്തുന്ന മലപ്പുറം വേങ്ങര കുന്നുംപുറം കുണ്ടിൽപ്പാറ സ്വദേശി സിദ്ദീഖിന്റെ മക്കളായ മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ (21), പേരക്കുട്ടി മുഹമ്മദ് ഫായിസ് (മൂന്ന്) എന്നിവരാണ് മരിച്ചത്. ഫുജൈറ കോടതിക്ക് മുന്നിൽ കുടുംബം സഞ്ചരിച്ചിരുന്ന കാർ ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറിയാണ് അപകടം.
അപകടസമയത്ത് വാഹനത്തിൽ കുടുംബത്തിലെ ഏഴ് പേരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സിദ്ദീഖിന്റെ ഭാര്യ, മൂത്ത മകൾ, ഇവരുടെ മറ്റ് രണ്ട് മക്കൾ എന്നിവർ ഫുജൈറയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഫുജൈറയിൽ ബുധനാഴ്ച അർധ രാത്രിയുണ്ടായ മറ്റൊരു വാഹനാപകടത്തിൽ നിരവധി പേർ മരിച്ചു. ഫുജൈറയിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ ലോറിയും നിരവധി വാഹനങ്ങളും കൂട്ടിയിടിക്കുകയായിരുന്നു. ലോറി നിരവധി വാഹനങ്ങളിൽ കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകിയശേഷം തുടർചികിത്സക്കായി ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചതായി ഫുജൈറ പോലീസ് സ്ഥിരീകരിച്ചു. മരിച്ചവരുടെയും പരുക്കേറ്റവരുടെയും കൃത്യമായ വിവരം ലഭ്യമല്ല. അപകടത്തിൽപ്പെട്ടവരുടെ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി പോലീസ് അറിയിച്ചു.
SUMMARY: Car accident in Fujairah; Three members of the Malayali family died















