ബെംഗളൂരു: വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബന്ധുക്കള്‍ക്ക് വിവാഹക്ഷണക്കത്ത് നല്കാൻ പോയ യുവതിയും ബന്ധുവും ലോറിയിടിച്ച് മരിച്ചു. ബെംഗളൂരുവിലെ ദീപാഞ്ജലിനഗർ മെട്രൊ സ്റ്റേഷന് സമീപമാണ് സംഭവം. സോഫ്റ്റ്വെയർ എൻജിനീയറായ സിന്ധുശ്രീ (29), അവസാനവർഷ ഡിപ്ലോമ വിദ്യാർഥിനി വിദ്യ (19) എന്നിവരാണ് മരിച്ചത്. അവസാനമായി ഒരു ബന്ധുവിന് കൂടി വിവാഹക്ഷണക്കത്ത് നല്‍കാനാണ് സിന്ധുശ്രീ ബന്ധുവിനൊപ്പം സ്കൂട്ടറില്‍ പോയത്.
ക്ഷണക്കത്ത് നല്കിയ ശേഷം മടങ്ങവേ പിന്നില്‍ നിന്ന് അമിത വേഗത്തിലെത്തിയ ലോറി ഇവരുടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഇരുവരുടെയും ദേഹത്തുകൂടി ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി. ഗുരുതരമായി പരുക്കേറ്റ ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
നവംബർ 16നായിരുന്നു സിന്ധുശ്രീയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് മുന്നോടിയായുള്ള ‘ഹല്‍ദി’ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ വ്യാഴാഴ്ച നടക്കാനിരിക്കെയാണ് ദുരന്തം. ഓട്ടോറിക്ഷ ഡ്രൈവറാണ് സിന്ധുശ്രീയുടെ പിതാവ് നഞ്ചുണ്ടപ്പ. ഇദ്ദേഹത്തിന്റെ ഏക മകളായിരുന്നു സിന്ധുശ്രീ.
SUMMARY: A young woman and her relative, who were on their way to deliver wedding invitations, died after being struck by a lorry in Bengaluru
















