തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിമാഫിയകൾക്കെതിരെ ശക്തമായ നടപടികളുമായി പോലീസ്. ‘ഓപ്പറേഷൻ തൂഫാൻ: ദി നാർകോ ഹണ്ട്’ എന്ന പേരിൽ പോലീസ് നടത്തിയ സംസ്ഥാന വ്യാപക പരിശോധനയിൽ 368 പേർ അറസ്റ്റിലായി. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് അജ്ഞാതമായി അധികൃതരെ അറിയിക്കുന്നതിനായി ആപ്പുകളും വാട്സ്ആപ്പ് ചാറ്റ്ബോട്ടുകളും അടങ്ങുന്ന വിപുലമായ ഡിജിറ്റൽ സർവൈലൻസ് സംവിധാനം സജ്ജമാക്കുന്നുണ്ടെന്നും, പൊതുജന പങ്കാളിത്തത്തോടെ ജനകീയ പ്രതിരോധം തീർക്കാനാണ് പോലീസ് ലക്ഷ്യമിടുന്നതെന്നും സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ പ്രവീൺ എസ്.ആർ അറിയിച്ചു.
ലഹരി വിൽപ്പനയിൽ ഏർപ്പെട്ടവരെ പിടികൂടാന്‍ ലക്ഷ്യമിട്ട് സംസ്ഥാനത്ത് ആരംഭിച്ച ഓപ്പറേഷന് തൂഫാനില്‍ മൂന്ന് ദിവസം കൊണ്ട് 340 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ജൂണ്‍ രണ്ടിനാണ് ഓപ്പറേഷന് തൂഫാന് ആരംഭിച്ചത്. വന്‍ ലഹരി വേട്ടയാണ് ഓപ്പറേഷന്റെ ഭാഗമായി കേരളത്തില്‍ നടക്കുന്നത്. 0.549 കിലോ എം.ഡി.എം.എ, 16.7931 കിലോ കഞ്ചാവ്, 0.461 കിലോ ഹാഷിഷ് ഓയില്‍, 220 കഞ്ചാവ് ബീഡികള്‍ എന്നിവയാണ് പ്രതികളില്‍ നിന്ന് കണ്ടെടുത്തത്. സംസ്ഥാനത്തെ ലഹരിമുക്തമാക്കുന്നതിനൊപ്പം ലഹരി വിതരണത്തിന്റെ ഉറവിടം കണ്ടെത്തി തടയുക എന്നതാണ് ഓപ്പറേഷന് തൂഫാന്റെ പ്രധാന ലക്ഷ്യം.
ഓപ്പറേഷന്റെ 84 പോലീസ് സബ് ഡിവിഷനുകളിലായി നാല് വീതം സ്പെഷ്യല്‍ സ്ക്വാഡുകളെ ഇതിനകം നിയോഗിച്ചിട്ടുണ്ട്. അന്തര്‍സംസ്ഥാന ലഹരികടത്ത് തടയുന്നതിന് അഞ്ച് സംസ്ഥാനങ്ങളെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തി വിപുലമായ പരിശോധനകള്‍ നടക്കും. മറ്റ് സംസ്ഥാനങ്ങളിലെ രാസലഹരി നിര്‍മ്മാണ കേന്ദ്രങ്ങള്‍ കണ്ടെത്തി അവയുടെ നടത്തിപ്പുകാരെയും ലഹരി സംഭരിക്കുന്നവരെയും നിയമത്തിന് മുന്നിലെത്തിക്കാനാണ് തീരുമാനം. ഇ.ഡി, ഡി.ആര്.ഐ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെയാകും തുടര്‍നടപടികള്‍.
SUMMARY: 368 people arrested in ‘Operation Toofan’















