കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയിലേക്ക് നയിച്ച സോഷ്യല്‍ മീഡിയ വിചാരണാ കേസില്‍, പ്രതി ഷിംജിത മുസ്തഫയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പോലീസ് അപേക്ഷ നല്‍കി. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ഇന്ന് അപേക്ഷ പരിഗണിക്കും. ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ സംഭവദിവസം യാത്ര ചെയ്ത സ്വകാര്യ ബസില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസിന്റെ നീക്കം. ദീപക്കിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനും വീഡിയോ ചിത്രീകരിച്ച സാഹചര്യത്തെക്കുറിച്ച് വിശദമായ മൊഴി രേഖപ്പെടുത്താനും ഷിംജിതയെ ചോദ്യം ചെയ്യും.
ഷിംജിതയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടതാണെന്ന് പോലീസിന് സംശയമുണ്ട്. ഈ വീഡിയോകള്‍ എഡിറ്റ് ചെയ്യാന്‍ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കും. ഇതിനായി കസ്റ്റഡിയിലെടുത്ത മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു കഴിഞ്ഞു.
ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ട് കണക്കിലെടുത്താണ് കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ തള്ളിയത്. സമൂഹവിചാരണ എന്ന ലക്ഷ്യത്തോടെയാണ് ഷിംജിത വീഡിയോ പ്രചരിപ്പിച്ചതെന്ന പ്രൊസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. നിലവില്‍ മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡിലാണ് ഷിംജിത.
SUMMARY: Deepak’s suicide; Police to take Shimjita into custody















