നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിലുള്ള സ്ഫോടകവസ്തു നിര്‍മ്മാണശാലയിലുണ്ടായ ശക്തമായ സ്ഫോടനത്തില്‍ 15 പേര് കൊല്ലപ്പെട്ടു. നാഗ്പൂരിലെ കാതോല് ടൗണിലുള്ള ‘എസ്.ബി.എല്‍ എനര്‍ജി ലിമിറ്റഡ്’ എന്ന കമ്പനിയിലാണ് ഞായറാഴ്ച അപകടമുണ്ടായതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഖനനത്തിനും വ്യവസായ ആവശ്യങ്ങള്‍ക്കുമുള്ള സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയാണിത്.
കാതോല് തെഹ്സിലിലെ റൗള്‍ഗാവിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഫാക്ടറിയുടെ പ്രധാന കെട്ടിടം പൂര്‍ണമായും തകര്‍ന്നു. കിലോമീറ്ററുകള്‍ക്കപ്പുറം വരെ സ്ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി. ഫാക്ടറിയില്‍ തീപടരുകയും ചെയ്തു. ഒരു കിലോമീറ്റര്‍ ദൂരത്തേക്ക് വരെ അവശിഷ്ടങ്ങള്‍ തെറിച്ചുവീണു. ഖനനത്തിന് ആവശ്യമായ സ്ഫോടക വസ്തുക്കളാണ് ഇവിടെ നിര്‍മിച്ചിരുന്നത്.
അപകടസമയത്ത് 30ഓളം തൊഴിലാളികള്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നെന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൂടുതല്‍ തൊഴിലാളികള്‍ അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ജില്ലാ അധികൃതരും സ്ഥലത്തെത്തി. സ്ഫോടനത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
SUMMARY: Explosion at ammunition factory in Nagpur; 15 killed















