ദുബൈ: ഗൾഫിൽ ഇറാൻ നടത്തിയ വ്യാപക ആക്രമണത്തിൽ സൗദി അറേബ്യയിലും കുവൈത്തിലും യുഎഇയിലുമായി 5 പേർ കൊല്ലപ്പെട്ടു. സൗദിയിലെ അൽ ഖർജ് പട്ടണത്തിൽ മിസൈൽഭാഗം വീണു 2 പേർ മരിച്ചു. ഒരു ഇന്ത്യക്കാരനും ബംഗ്ലദേശ് പൗരനുമാണ് മരിച്ചതെന്നാണു വിവരം. 12 പേർക്കു പരുക്കേറ്റു. ശുചീകരണ ജോലികൾ ചെയ്യുന്ന കമ്പനിക്കുമേലാണ് മിസൈൽഭാഗം വീണത്. അൽ ഖർജിലെ റഡാർ സംവിധാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കുവൈത്തിൽ 2 സുരക്ഷാ ഉദ്യോഗസ്ഥരും ദുബായിൽ കാറിനു മുകളിൽ മിസൈൽ ഭാഗങ്ങൾ പതിച്ചു പാക്കിസ്ഥാൻ സ്വദേശിയായ ഡ്രൈവറുമാണു മരിച്ചത്.
ബഹ്റൈനിലെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റിനു നേരയും ആക്രമണമുണ്ടായത് ഗൾഫ് മേഖലയിൽ ആശങ്ക പരത്തി. ഭൂരിഭാഗം ഗൾഫ് രാജ്യങ്ങളും കുടിവെള്ളത്തിന് കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകളെയാണ് ആശ്രയിക്കുന്നത്. എണ്ണ- കുടിവെള്ള ശുദ്ധീകരണ പ്ലാന്റുകളും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടതോടെ പശ്ചിമേഷ്യയിലെ സംഘർഷം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്.
യു എ ഇക്ക് നേരെ ഇറാൻ വൻതോതിലുള്ള ആക്രമണങ്ങൾ നടത്തിയതായി യു എ ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉൾപ്പെടെ ഏകദേശം 1,400 ഓളം ആക്രമണങ്ങളാണ് യു എ ഇയിലെ വിവിധ സിവിലിയൻ കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഉണ്ടായത്. ഇറാന്റെ ഈ നീക്കം “ക്രൂരവും നീതീകരിക്കാനാകാത്തതുമാണെന്ന്’ വിശേഷിപ്പിച്ച യു എ ഇ, ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും യു എൻ ചാർട്ടറിന്റെയും ലംഘനമാണെന്ന് പറഞ്ഞു.
മേഖലയിൽ യുദ്ധം വ്യാപിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ അവകാശമുണ്ടെന്നും യു എ ഇ വ്യക്തമാക്കി. ഒമാനിലെ ദുകം വാണിജ്യ തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണമുണ്ടായി. ഇന്ധന ടാങ്കിന് കേടുപാടുകൾ സംഭവിച്ചുവെങ്കിലും തുറമുഖത്തെ പ്രവർത്തനങ്ങൾ നിലവിൽ സാധാരണ നിലയിലാണെന്ന് അധികൃതർ അറിയിച്ചു.
SUMMARY: Iran’s widespread attacks in the Gulf; 5 dead, including an Indian
















