ബെംഗളൂരു: മൈസൂരുവിലെ വാഹന ഗതാഗതം സുഗമമാക്കുന്നതിന്‍റെ ഭാഗമായി സർക്കിളുകളിലും ജങ്ഷനുകളുമുള്‍പ്പെടെ 43 ഇടങ്ങളില്‍ പുതിയ ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിച്ച് സിറ്റി ട്രാഫിക് പോലീസ്. ജനുവരിയില്‍ ഉദ്യോഗസ്ഥരും ജീവനക്കാരും നടത്തിയ വിശകലന യോഗത്തില്‍ വാഹനങ്ങളുടെ എണ്ണം, ട്രാഫിക് എന്നിവ കണക്കിലെടുത്താണ് പുതിയ സിഗ്നലുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. നിലവിലെ 53 സിഗ്നലുകൾക്ക് പുറമേയാണിത്. ഇതോടെ ട്രാഫിക് സിഗ്നലുകളുടെ ആകെ എണ്ണം 96 ആയി.
സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൈസൂരുവിൽ ദസറ, മറ്റു അവധി ദിവസങ്ങൾ എന്നിവകൊണ്ട് വലിയതോതില്‍ വാഹനങ്ങള്‍ എത്തുന്നതിനാല്‍ നഗരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കി സുഗമമായ സഞ്ചാരം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എസിപി (ട്രാഫിക്) ശിവശങ്കർ പറഞ്ഞു. സ്കൂളുകൾ, കോളജുകൾ, മാർക്കറ്റുകൾ, ആശുപത്രികൾ എന്നിവക്ക് സമീപം സ്മാർട്ട് ട്രാഫിക് സിഗ്നലുകൾ സ്ഥാപിച്ചിട്ടുണ്ട്. സിഗ്നലുകൾ ഒരു സെൻട്രൽ ട്രാഫിക് കൺട്രോൾ സെന്‍ററുമായി ബന്ധപ്പെടുത്തിയതിനാല്‍ തത്സമയം കൈകാര്യം ചെയ്യാനും സാധിക്കും. രാത്രി സിഗ്നല്‍ നിയന്ത്രിക്കാനുള്ള സംവിധാനമായ ഫ്ലാഷ് ആന്‍ഡ് ലാമ്പ്-ഓഫ് മോഡുകൾ എന്നിവ പുതിയ സിഗ്നലുകളുടെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: 43 new traffic signals in Mysuru















