കുറ്റ്യാടി: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ കുറ്റ്യാടി മണ്ഡലത്തിലെ ആയഞ്ചേരിയില്‍ കള്ളവോട്ട് ആരോപണം. ആയഞ്ചേരി 47 -ാം നമ്പർ ബൂത്തിലാണ് ക്രമക്കേട് നടന്നതായി പരാതി ഉയർന്നിരിക്കുന്നത്. പ്രദേശവാസിയായ കൂമുള്ളക്കണ്ടി സീനത്തിനാണ് ഇന്ന് വോട്ട് ചെയ്യാൻ സാധിക്കാത്തത്. സീനത്തിന്റെ പേരില്‍ നേരത്തെ പോസ്റ്റല്‍ വോട്ട് ചെയ്തതായാണ് പരാതി.
രാവിലെ ബൂത്തിലെത്തിയപ്പോഴാണ് സീനത്തിന്റെ പേരില്‍ നേരത്തെ തന്നെ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിക്കുന്നത്. എന്നാല്‍ താൻ പോസ്റ്റല്‍ വോട്ടിന് അപേക്ഷിച്ചിട്ടില്ലെന്നും മറ്റേതെങ്കിലും ജില്ലയില്‍ ജോലി ചെയ്യുന്ന ആളല്ലെന്നും സീനത്ത് വ്യക്തമാക്കുന്നു. നമ്മളെ പൊട്ടന്മാരാക്കുന്ന അനുഭവമാണ് ഉണ്ടായതെന്നും വോട്ട് ചെയ്യാതെ ഇവിടെനിന്നും പോകില്ലെന്നും സീനത്ത് പറഞ്ഞു.
സംഭവത്തില്‍ അട്ടിമറി ആരോപണവുമായി പ്രാദേശിക രാഷ്ട്രീയ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. യാതൊരുവിധ ഔദ്യോഗിക ജോലിയും ഇല്ലാത്ത സീനത്തിനെപ്പോലെയുള്ള ആളുകളുടെ പേരില്‍ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയത് മണ്ഡലത്തില്‍ വ്യാപകമായ അട്ടിമറി ശ്രമം നടക്കുന്നതിന്റെ തെളിവാണ് ഇവർ ആരോപിക്കുന്നത്.
SUMMARY: Complaint of fake postal vote cast in the name of a housewife; Allegation of fake voting in Ayanjary















