തിരുവനന്തപുരം: വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ഗുഗിൾ പേയിലെ പോക്കറ്റ് മണി എന്ന ഫീച്ചറിനെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വോയ്‌സ് സന്ദേശങ്ങളും പോസ്റ്റുകളും പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കേരള പോലീസ്. ഈ ഫീച്ചർ ഉപയോഗിച്ചാൽ തട്ടിപ്പിന് ഇരയാകുമെന്ന തരത്തിലുള്ള വോയ്‌സ് സന്ദേശങ്ങളും പോസ്റ്റുകളും അടിസ്ഥാനരഹിതമാണെന്നും ഇത്തരം തെറ്റായ പ്രചാരണങ്ങളിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും പോലീസ് അറിയിച്ചു. നിലവിൽ ഈ ഫീച്ചറുമായി ബന്ധപ്പെട്ട് സൈബർ തട്ടിപ്പുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഉപഭോക്താവിന്റെ കൃത്യമായ അനുമതിയോ യുപിഐ (UPI) പിൻ നമ്പറോ നൽകാതെ ഗൂഗിൾ പേ വഴി അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടാൻ സാധ്യതയില്ലെന്ന് പൊലീസ് ഓർമ്മിപ്പിച്ചു. പുതിയ ഫീച്ചറുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ പങ്കുവെക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും സൈബർ സുരക്ഷ മുൻനിർത്തി പോലീസ് നിർദ്ദേശിച്ചു. ഡിജിറ്റൽ ഇടപാടുകളിൽ ജാഗ്രത പാലിക്കണമെന്നും എന്നാൽ അനാവശ്യ ഭീതിയുടെ ആവശ്യമില്ലെന്നുമാണ് സൈബർ സെൽ നൽകുന്ന വിശദീകരണം.
SUMMARY: Messages about losing money through Google Pay ‘Pocket Money’; Kerala Police says it is a fake spread and there is no need to worry
















