മുംബൈ: മഹാരാഷ്ട്രയില്‍ കടുവയുടെ ആക്രമണത്തില്‍ നാല് സ്ത്രീകള്‍ ദാരുണമായി കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ചന്ദ്രാപുരില്‍ ആണ് കടുവയുടെ ആക്രമണം ഉണ്ടായത്. കാവ്ദുബായ് ദാദാജി മൊഹുർലെ (45), അനുബായ് ദാദാജി മൊഹുർലെ (46), സംഗീത സന്തോഷ് ചൗധരി (36), സുനിത കൗശിക് മൊഹുർലെ (33) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ തെണ്ടുൽ ഇലകൾ ശേഖരിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.
ബീഡി തെറുക്കാൻ ഉപയോഗിക്കുന്ന ഇലയാണ് തെണ്ടുൽ. ചന്ദ്രാപുർ ജില്ലാ ആസ്ഥാനത്തുനിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയുള്ള സിന്ധേവാഹി താലൂക്കിലെ ഗുഞ്ചേവാഹി ഗ്രാമത്തിനടുത്താണ് സംഭവം. തെണ്ടുൽ ഇലകൾ ശേഖരിക്കാൻ ഒരു കൂട്ടം സ്ത്രീകൾ കാട്ടിലേക്ക് പോകുകയായിരുന്നു. ഇലകൾ ശേഖരിക്കുന്ന സമയം ഒരു കടുവ അവരിൽ നാലുപേരെ ആക്രമിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കടുവയെ കണ്ടതോടെ ഒമ്പത് സ്ത്രീകൾ ഓടി രക്ഷപ്പെട്ടുവെങ്കിലും നാലുപേർക്ക് അതിന് സാധിച്ചില്ല. കുറ്റിക്കാടിനുള്ളിൽ ഒളിച്ചിരുന്ന കടുവ സ്ത്രീകളുടെ അടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നുവെന്നും വനം ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവത്തിന് പിന്നാലെ വനമേഖലയോട് ചേർന്നുള്ള ഗ്രാമങ്ങളിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമായി. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ഒരേസമയം ഇത്രയധികം പേർ ഒരു വന്യമൃഗത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത് ഇതാദ്യമായാണെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. വനംവകുപ്പും പൊലീസും ചേർന്ന് കാട്ടിൽ തെരച്ചിലും പട്രോളിങ്ങും ശക്തമാക്കി. കടുവയുടെ സാന്നിധ്യം നിരീക്ഷിക്കാൻ പ്രത്യേക കാമറകളും സ്ഥാപിച്ചിട്ടുണ്ട്.
SUMMARY: Tiger attacks 4 women while they were collecting beedi leaves; tragic end
















