കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരനായിരുന്ന ഷുഹൈബിനെ വെട്ടിക്കൊന്ന കേസിലെ മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി. ആകാശ് തില്ലങ്കേരി അടക്കം 17 പേരുടെ ജാമ്യമാണ് തലശേരി സെഷൻസ് കോടതി റദ്ദ് ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്യാനും കോടതി നിര്‍ദേശിച്ചു. പ്രതികള്‍ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയത്.
കഴിഞ്ഞയാഴ്ചയാണ് ഷുഹൈബ് കേസില്‍ വിചാരണ ആരംഭിച്ചത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികളെ കോടതിയില്‍ സാക്ഷി തിരിച്ചറിഞ്ഞിരുന്നു. കൊലപാതക സമയത്ത് ഷുഹൈബിനൊപ്പമുണ്ടായിരുന്ന ആക്രമണത്തില്‍ പരുക്കേറ്റ ഇ റിയാസിനെയാണ് കോടതി വിസ്തരിച്ചത്. ആയുധങ്ങളുമായെത്തിയ സംഘം ഷുഹൈബിനെ തുരുതുരാ വെട്ടിവീഴ്ത്തുകയായിരുന്നു എന്നായിരുന്നു റിയാസിന്റെ മൊഴി.
2018 ഫെബ്രുവരി 12-ന് രാത്രി ചായക്കടയില്‍ സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന ഷുഹൈബിനെ ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിവീഴ്ത്തുകയായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെയായിരുന്നു ഷുഹൈബ് മരിച്ചത്.
SUMMARY: Shuhaib murder case: Bail of all accused including Akash Thillankeri cancelled
















