ബെംഗളൂരു: കര്‍ണാടകയിലെ പുതിയ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി ഡികെ ശിവകുമാര്‍ ചുമതലയേല്‍ക്കും. വിധാൻ സൗധയിൽ നടന്ന നിർണായക യോഗത്തിൽ ഡി.കെ. ശിവകുമാറിനെ കോൺഗ്രസ് നിയമസഭാ കക്ഷി (സിഎൽപി) നേതാവായി ഔദ്യോഗികമായി തിരഞ്ഞെടുത്തു. സിഎൽപി സെക്രട്ടറി അല്ലംപ്രഭു പാട്ടീൽ, കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സിദ്ധരാമയ്യയാണ് അടുത്ത സിഎൽപി നേതാവായി ഡി.കെ. ശിവകുമാറിന്റെ പേര് നിർദ്ദേശിച്ചതും പ്രഖ്യാപിച്ചതും. ആഭ്യന്തര മന്ത്രി ജി. പരമേശ്വര ഇതിനെ പിന്തുണച്ചു.
ബുധനാഴ്ച്ച വൈകീട്ട് നാലുമണിക്ക് ഡി.കെ ശിവകുമാര്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലുമെന്ന് എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു. പാര്‍ട്ടിക്കുള്ളില്‍ വലിയ പൊട്ടിത്തെറികള്‍ പ്രതീക്ഷിച്ച എതിരാളികള്‍ക്ക് കനത്ത തിരിച്ചടി നല്‍കി, സമവായത്തിലൂടെ ഭരണമാറ്റം സാധ്യമായതായി വേണുഗോപാല്‍ പറഞ്ഞു. മികച്ച സംഘടന പാടവമുള്ള ഡികെ അധികാരത്തിലേക്ക് വരുന്നതോടെ കര്‍ണാടകയില്‍ പാര്‍ട്ടി കൂടുതല്‍ ശക്തമാകും. മന്ത്രിസഭാ പുനസംഘടനയില്‍ യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്നും, എല്ലാം സുഗമമായി പരിഹരിച്ചതായും കെ.സി വ്യക്തമാക്കി.
കുറച്ച് മന്ത്രിമാരും ഡികെയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും. വെള്ളിയാഴ്ച ഡല്‍ഹിയില്‍വച്ച് സിദ്ധരാമയ്യയും ശിവകുമാറും കോണ്‍ഗ്രസ് നേതൃത്വവുമായി പുതിയ മന്ത്രിസഭയുടെയും അധികാര കൈമാറ്റത്തിന്റെയും ക്രമീകരണങ്ങളെക്കുറിച്ചു ചര്‍ച്ച നടത്തിയിരുന്നു.
SUMMARY: DK era begins in Karnataka; swearing in as Chief Minister on June 3
















