ടെൽ അവീവ്: പശ്ചിമേഷ്യന്‍ സംഘർഷം അതീവ ഗുരുതരമായ അവസ്ഥയിലേക്ക് മാറുന്നു. ഇസ്രയേലിൽ കനത്ത വ്യോമാക്രമണം നടത്തി ഇറാൻ. ഇസ്രയേലിനെ ലക്ഷ്യമിട്ട് കൂട്ടത്തോടെ മിസൈൽ ആക്രമണമാണ് ഇറാൻ നടത്തിയത്. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായി മൂന്നിടങ്ങളിൽ ഇസ്രയേൽ സൈന്യം ശക്തമായ വ്യോമാക്രമണവും നടത്തി. പടിഞ്ഞാറൻ, മധ്യ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ഇസ്രയേലിന്റെ വ്യോമാക്രമണം. വരാനിരിക്കുന്ന ഇറാന്റെ തുടർ ആക്രമണങ്ങളെയും മിസൈൽ വേധ നീക്കങ്ങളെയും നേരിടാനും ചെറുക്കാനും ഇസ്രയേൽ പൂർണമായും ഒരുങ്ങിയതായാണ് വിവരം.
ഇറാന്റെ തലസ്ഥാനമായ ടെഹ്റാൻ, തബ്രിസ്, ഇസ്ഫഹാൻ എന്നീ നഗരങ്ങളിൽ ശക്തമായ സ്‌ഫോടനങ്ങൾ കേട്ടതായി ഇറാനിയൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ടെഹ്റാനിൽ കുറഞ്ഞത് രണ്ട് വലിയ സ്‌ഫോടനങ്ങളും ഇസ്ഫഹാനിൽ മൂന്ന് സ്‌ഫോടനങ്ങളും ഉണ്ടായതായി ഇർന (IRNA) വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അതേസമയം, മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സേന അതീവ ജാഗ്രതയിലാണ്. ഇസ്രായേലിലേക്ക് കൂട്ടത്തോടെ മിസൈൽ ആക്രമണം നടത്തിയതിന്റെ കൃത്യമായ കാരണങ്ങൾ ഇറാൻ പാർലമെന്റ് സ്പീക്കർ വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്രായേൽ തുടരുന്ന ലബനൻ ആക്രമണമാണ് ഇറാന്റെ പെട്ടെന്നുള്ള സൈനിക നീക്കത്തിന് പ്രധാന കാരണം. മേഖലയിൽ തുടരുന്ന നാവിക ഉപരോധവും ഇസ്രായേലിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് കാരണമായി ഇറാൻ സ്പീക്കർ ചൂണ്ടിക്കാണിച്ചിരുന്നു.
SUMMARY: Iran launches powerful airstrike; Israel retaliates
















