പൂനെ: പിറന്നാള്‍ ആഘോഷത്തിനായി സുഹൃത്തുക്കള്‍ക്കും പ്രതിശ്രുത വധുവിനും ഒപ്പം ലോഹഗഡ് കോട്ട സന്ദർശിക്കാനെത്തിയ യുവാവ് കൊക്കയിലേക്ക് വീണ് മരിച്ചു. ഗഹുഞ്ചെ സ്വദേശിയും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനുമായ 26-കാരൻ കേതൻ വിശാല്‍ അഗർവാള്‍ ആണ് ദാരുണമായി മരിച്ചത്. ഈ വരുന്ന നവംബറില്‍ ഇദ്ദേഹത്തിന്റെ വിവാഹം നടക്കാനിരിക്കെയായിരുന്നു സംഭവം.
കേതൻ പ്രതിശ്രുത വധുവിനും രണ്ട് സുഹൃത്തുക്കള്‍ക്കും ഒപ്പം മാവല്‍ താലൂക്കിലെ ലോഹഗഡ് കോട്ടയിലെത്തിയത്. പ്രതിശ്രുത വധുവിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് സംഘം യാത്ര പ്ലാൻ ചെയ്തിരുന്നത്. രാവിലെ 10.30-ഓടെ കോട്ടയുടെ അരികില്‍ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കേതൻ അബദ്ധത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. ശക്തമായ കാറ്റടിച്ചതിനെ തുടർന്ന് ബാലൻസ് നഷ്ടപ്പെട്ട യുവാവ് ഏകദേശം 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു.
അപകടത്തെക്കുറിച്ച് വിവരമറിഞ്ഞ ഉടൻ തന്നെ പോലീസും ‘ശിവദുർഗ് മിത്ര എമർജൻസി റെസ്ക്യൂ ടീം’ അംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ട കഠിനമായ പരിശ്രമത്തിനൊടുവിലാണ് രക്ഷാപ്രവർത്തകർക്ക് കേതന്റെ മൃതദേഹം പുറത്തെടുക്കാൻ സാധിച്ചത്. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുക്കുകയും കൂടുതല്‍ അന്വേഷണം നടത്തിവരികയുമാണ്. ഛത്രപതി ശിവാജി മഹാരാജാവുമായി ബന്ധമുള്ളതും യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ മഹാരാഷ്ട്രയിലെ പ്രധാനപ്പെട്ട 12 കോട്ടകളില്‍ ഒന്നാണ് ലോഹഗഡ്.
SUMMARY: A young man died after falling while taking a photo from a cliff















