മയാമി: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സി പോരാട്ടത്തിൽ സ്കോട്ട്ലൻഡിനെതിരെ ബ്രസീലിന് ഗംഭീര ജയം. ബുധനാഴ്ച നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ വിജയിച്ചത്. സൂപ്പർതാരം വിനീഷ്യസ് ജൂനിയർ ഇരട്ട ഗോളുമായി തിളങ്ങി. മതേയൂസ് കുൻഹയാണ് ടീമിന്‍റെ മൂന്നാം ഗോൾ നേടിയത്. ഇടവേളക്കുശേഷം 76ാം മിനിറ്റിൽ സൂപ്പർതാരം നെയ്മർ പകരക്കാരനായി കളത്തിലിറങ്ങി. പരുക്കിനെ തുടർന്ന് രണ്ടു വർഷത്തിലേറെയായി താരം ടീമിന് പുറത്തായിരുന്നു. പരുക്കിൽനിന്ന് മുക്തനായി ഫിറ്റ്നെസ് വീണ്ടെടുത്ത താരം 980 ദിവസങ്ങൾക്കുശേഷമാണ് കളിക്കാനിറങ്ങുന്നത്.
ഏഴാം മിനിറ്റിൽ സ്കോട്ടിഷ് ഡിഫൻഡർ സ്കോട്ട് മക്‌കെന്നയുടെ പിഴവിൽ നിന്നായിരുന്നു ആദ്യ ഗോൾ. മക്‌കെന്നയെ റയാൻ ചലഞ്ച് ചെയ്യുകയും അതുവഴി പന്ത് വിനീഷ്യസിലേക്കെത്തുകയുമായിരുന്നു. പിന്നാലെ ആദ്യ പകുതിയുടെ അധിക സമയത്ത് ബ്രൂണോ ഗ്വിമറെസ് ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് ഹെഡറിലൂടെ വലയിലാക്കി വിനീഷ്യസ് ബ്രസീലിന്റെ ലീഡുയർത്തി. 60-ാം മിനിറ്റിലായിരുന്നു കുന്യയുടെ ഗോൾ.
തുടർച്ചയായ മൂന്നാം മത്സരത്തിലാണ് വിനീഷ്യസ് ഗോൾ നേടുന്നത്. ഈ ലോകകപ്പിലെ വിനീഷ്യസിന്റെ ഗോൾ നേട്ടം നാലും കുൻഹയുടെ മൂന്നും ആയി. വിജയത്തോടെ ഗ്രൂപ്പ് സിയിലെ ജേതാക്കളായി ബ്രസീൽ നോക്കൗട്ടിൽ കടന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്‍റാണ് ബ്രസീലിനുള്ളത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഹെയ്ത്തിയെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തകർത്ത് മൊറോക്കോയും നോക്കൗട്ടിലെത്തി. ഹെയ്തിയെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് മൊറോക്കോ തോൽപ്പിച്ചത്. അഷ്റഫ് ഹക്കീമി (39), ഇസ്മയിൽ സായ്ബരി (45+1), സൗഫിയാനെ റഹീമി (78), ഗെസ്സിമെ യാസിൻ (89) എന്നിവരാണ് മൊറോക്കോയുടെ സ്കോറർമാർ. ഒരു സെൽഫ് ഗോളിൻ്റെ കരുത്തിൽ ഹെയ്തി ആദ്യപകുതിയിൽ മൊറോക്കോയെ 2-2ന് സമനിലയിൽ പിടിച്ചിരുന്നു. 10ാം മിനിറ്റിൽ മൊറോക്കോയുടെ യാസീൻ ബൗണൗയാണ് സെൽഫ് ഗോൾ വഴങ്ങിയത്. 43ാം മിനിറ്റിൽ വിൽസൺ ഇസിഡോർ ഹെയ്തിയുടെ ആശ്വാസഗോൾ കണ്ടെത്തി.
SUMMARY: Brazil thrashes Scotland 3-0 to reach knockout stage
















