ബെംഗളൂരു: ബെംഗളൂരു സ്ഫോടന കേസിലെ എട്ടാം പ്രതിയും മലപ്പുറം പരപ്പനങ്ങാടി സ്വദേശിയുമായ സക്കറിയ സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ എൻഐഎ പ്രത്യേക കോടതി തള്ളി. തന്‍റെ മാതാവ് ബിയ്യുമ്മ (66) ശുചിമുറിയിൽ തെന്നി വീണ് ഇടുപ്പല്ലിന് ഗുരുതരമായി പരിക്കേൽക്കുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമായി കിടപ്പിലായ സാഹചര്യത്തിൽ മാതാവിനെ പരിചരിക്കാനായി 15 ദിവസത്തെ താൽക്കാലിക ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് അപേക്ഷ സമർപ്പിച്ചത്.
ശസ്ത്രക്രിയ കഴിഞ്ഞിട്ടും ആരോഗ്യ അവസ്ഥക്ക് കാര്യമായ പുരോഗതി ഇല്ലാത്തതിനാൽ ചലനശേഷി നഷ്ടപ്പെട്ട് പൂർണമായും കിടപ്പിലാണെന്നും ഭക്ഷണം, മരുന്ന് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും മറ്റുള്ളവരുടെ നിരന്തരമായ സഹായം ആവശ്യമാണെന്നും വിദേശത്തായ സഹോദരന് മടങ്ങി വരാൻ തടസ്സമുണ്ടെന്നും ഭർതൃഗൃഹത്തിലായ സഹോദരിക്ക് നിരന്തരമായ പരിചരണം നൽകാൻ ഒറ്റയ്ക്ക് കഴിയുന്ന സാഹചര്യമല്ലെന്നും അതിനാൽ മാതാവിനെ നിരന്തരമായ പരിചരണം നൽകാൻ കഴിയുന്ന ഒരേയൊരു മകൻ താൻ ആണെന്നും സക്കറിയ ജാമ്യാപേക്ഷയിൽ ബോധിപ്പിച്ചിരുന്നു.
എന്നാല്‍ രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ കേസിന്റെ നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിൽ എത്തിനിൽക്കുന്നതിനാൽ പ്രതിക്ക് മാതാവിനെ പരിചരിക്കാൻ കേരളത്തിലേക്ക് പോകാൻ അനുമതി നൽകുന്നത് പാടില്ലെന്നു പ്രൊസിക്യൂഷൻ വാദിച്ചു. കേരളം സന്ദർശിക്കാൻ അനുമതി നൽകിയാൽ ഒളിവിൽ കഴിയുന്ന പ്രതികളുമായി ബന്ധം സ്ഥാപിക്കാനും വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനും ഒളിവിൽ പോകാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ എതിർ സത്യവാങ്മൂലത്തിൽ കോടതിയെ ധരിപ്പിച്ചു. തുടർന്ന് കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
2008 ജൂലൈ 25ന് ബെംഗളൂരുവിൽ എട്ടിടത്തായി നടന്ന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട കേസിലെ രണ്ടാം പ്രതിയായ ഷറഫുദ്ദീന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രോണിക്സ് കടയിലെ ജീവനക്കാരനായിരുന്നു സക്കറിയ. സ്ഫോടനവുമായി ബന്ധപ്പെട്ട ഏതോ ഉപകരണം ഷറഫുദ്ദീന്റെ നിർദേശപ്രകാരം സക്കറിയ ഒളിച്ചുവച്ചെന്ന കുറ്റം ചുമത്തിയാണ് 2009ൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഈ കേസിലെ 31–ാം പ്രതിയാണ് പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി. രണ്ടാഴ്ച മുമ്പ് കേസിലെ 28-ാം പ്രതിയായ വിചാരണ തടവ്കാരന്‍ കുടക് സ്വദേശി അബ്ദുൽഖാദർ (64 ) ജയിലിൽ മരണപ്പെട്ടിരുന്നു.
SUMMARY: Bengaluru blast case: Court rejects Zakaria’s bail plea
















