ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ വ്യാജ ബോംബ് ഭീഷണി.
വ്യാഴാഴ്ച രാത്രി 8നു പുറപ്പെടാനിരുന്ന 6ഇ 6423 വിമാനത്തിന്റെ ശുചിമുറിയിലാണു ഭീഷണി സന്ദേശമടങ്ങിയ കുറിപ്പു കണ്ടത്.ക്യാബിന്‍ ക്രൂ ഉടന്‍ തന്നെ വിമാനത്താവള അധികൃതരെ അറിയിക്കുകയും സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ പ്രോട്ടോക്കോളുകള്‍ ആരംഭിക്കുകയും ചെയ്തു. യാത്രക്കാരെയും ജീവനക്കാരെയും വിമാനത്തില്‍ നിന്നും ഒഴിപ്പിച്ചു. സുരക്ഷാ ഏജന്‍സികള്‍, ബോംബ് സ്‌ക്വാഡുകള്‍, സ്‌നിഫര്‍ നായ്ക്കളുമുള്‍പ്പെടെ വിമാനത്തിന്റെയും ലഗേജുകളുടെയും യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജുകളുടെയും സമഗ്രമായ പരിശോധന നടത്തി. രണ്ട് മണിക്കൂറിലധികം നീണ്ടുനിന്ന പരിശോധനയില്‍ സ്‌ഫോടകവസ്തുക്കളോ സംശയാസ്പദമായ വസ്തുക്കളോ ഒന്നും കണ്ടെത്തിയില്ല, ഇതോടെ, വ്യാജ സന്ദേശമാണെന്നു സ്ഥിരീകരിച്ചു. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി 5 മണിക്കൂറിലേറെ വൈകി വെള്ളിയാഴ്ച പുലര്‍ച്ചെ 1.20 നാണ് വിമാനം പുറപ്പെട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
SUMMARY: Fake bomb threat to flight; delayed by more than 5 hours
















