ഡല്‍ഹി: നീറ്റ് ക്രമക്കേടില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല നിരാഹാര സമരം നടത്തുകയായിരുന്ന പരിസ്ഥിതി പ്രവർത്തകനും ആക്റ്റിവിസ്റ്റുമായ സോനം വാങ്ചുക്കിനെ കഴിഞ്ഞ ദിവസം ഡല്‍ഹി പോലീസ് ആശുപത്രിയിലേക്ക് ബലം പ്രയോഗിച്ച് മാറ്റിയിരുന്നു. ഇപ്പോഴിതാ ആശുപത്രിയില്‍ ചികിത്സ നിരസിച്ചിരിക്കുകയാണ് സോനം വാങ്ചുക്ക്.
തന്നെ വിട്ടയക്കണമെന്ന് അദ്ദേഹം ആവശ‍്യപ്പെട്ടതായാണ് വിവരം. എന്നാല്‍ ഭക്ഷണം കഴിക്കാത്ത പക്ഷം ആരോഗ‍്യനില വഷളാകുമെന്ന് ഡോക്റ്റർമാർ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെയോടെയാണ് രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിലെ സമരവേദിയിലെത്തി ഡല്‍ഹി പോലീസ് ബലമായി സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് നീക്കിയത്. കോക്റോച്ച് ജനതാ പാർട്ടിയുടെ പ്രവർത്തകരെയും സംഭവസ്ഥലത്ത് നിന്നും പോലീസ് മാറ്റാൻ ശ്രമിച്ചതോടെ വലിയ സംഘർഷത്തിനിടയാക്കി.
ഡല്‍ഹി ഹൈക്കോടതിയുടെയും ആരോഗ‍്യ വിദഗ്ധരുടെയും നിർദേശത്തെത്തുടർന്നാണ് സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് പോലീസ് പറയുന്നത്. തങ്ങളുടെ ആവശ‍്യങ്ങള്‍ പരിഗണിക്കുന്നതു വരെ സമരം തുടരുമെന്ന കാര‍്യം വാങ്ചുക്ക് വ‍്യക്തമാക്കിയിരുന്നു. ജൂലൈ 20ന് സിജെപി പാർലമെന്‍റിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ചില്‍ പങ്കെടുക്കുമെന്നും വാങ്ചുക്ക് പറഞ്ഞിരുന്നു.
SUMMARY: Sonam Wangchuk refuses hospital treatment; hunger strike continues
















