ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ജോലിക്കായി പോകുകയായിരുന്ന സ്വകാര്യ എയര്‍ലൈന്‍ ക്യാബിന് ക്രൂ അംഗത്തെ കാറില്‍ വച്ച് ബലാല്‍സംഗം ചെയ്ത കേസില്‍ കാബ് ഡ്രൈവര്‍ അറസ്റ്റില്‍. രംഗാറെഡ്ഡി ജില്ല സ്വദേശിയായ എറപോഗു പ്രശാന്ത് കുമാര്‍ (23) ആണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.40ഓടെയായിരുന്നു സംഭവം.
ഷംഷാബാദില്‍ നിന്ന് എയര്‍ലൈന്‍ കമ്പനി ഏര്‍പ്പെടുത്തിയ ക്യാബില്‍ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഡ്രൈവര്‍ വാഹനം നിശ്ചിത പാതയില്‍ നിന്ന് മാറ്റി വിമാനത്താവളത്തിന് സമീപമുള്ള നിര്‍മാണത്തിലിരിക്കുന്ന വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയത്. മൂത്രമൊഴിക്കാനെന്ന വ്യാജേന വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ ഇയാള്‍ ഏതാനും മിനിറ്റുകള്‍ക്കുശേഷം തിരിച്ചെത്തി, പിന്‍വാതിലിലൂടെ കാറിനുള്ളില്‍ കയറി യുവതിയെ ബലാല്‍സംഗം ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായതായി. ഷംഷാബാദ് എസിപി വി ശ്രീകാന്ത് ഗൗഡ് അറിയിച്ചു.
പ്രതിരോധിക്കാന്‍ ശ്രമിച്ച യുവതി പ്രതിയെ തള്ളിമാറ്റി വാഹനത്തില്‍ നിന്ന് പുറത്തേക്ക് രക്ഷപ്പെടുകയും സമീപത്തുണ്ടായിരുന്ന തൊഴിലാളിയോട് സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. ഇതോടെ പ്രതി കാറുമായി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. തുടർന്ന് വിമാനത്താവളത്തിലെ പോലീസ് ഔട്ട്പോസ്റ്റിലെത്തി യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പിറ്റേദിവസം തന്നെ പോലീസ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ, വാടകയ്ക്ക് സർവീസ് നടത്തുന്ന ടാക്സികളിലെ സുരക്ഷ ശക്തമാക്കണമെന്നും പരിശോധനകൾ കർശനമാക്കണമെന്നും വിമാനക്കമ്പനിക്ക് പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
SUMMARY: Cab driver arrested for raping a female cabin crew member in a car while on the way to the airport















