തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ രക്ഷാപ്രവർത്തനത്തിനിടെ മരണപ്പെട്ട തിരുവനന്തപുരം സ്വദേശി ആര്‍ രാജേഷിന്റെ രാജേഷിന്റെ മൃതദേഹം ഫ്രീസർ സൗകര്യമില്ലാതെ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർ പോൾ കെ.പിയെ സസ്പെൻഡ് ചെയ്യാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ നിർദേശം നൽകി. സംഭവത്തെകുറിച്ച് കണ്ണൂർ ജില്ലാ കളക്ടർ കൈമാറിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ മന്ത്രിയുടെ നടപടി.
തിരുവനന്തപുരത്തേക്ക് മൃതദേഹവുമായി പോയ ആംബുലന്‍സില്‍ ഫ്രീസര്‍ സൗകര്യമില്ലെന്ന കാര്യം തൃശൂര്‍ ചാവക്കാട് എത്തിയപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് മൃതദേഹം മറ്റൊരു ആംബുലന്‍സില്‍ തിരുവനന്തപുരത്തെത്തിച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിക്ക് മുന്നിലുള്ള മറ്റ് ആംബുലൻസ് ഡ്രൈവർമാരുടെ സഹായത്തോടെയാണ് ഫ്രീസർ സൗകര്യമുള്ള വാഹനത്തിൽ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. വെള്ളത്തിൽ വീണുമരിച്ചതിനാൽ ശരീരം വീർത്ത അവസ്ഥയിലായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ മൃതദേഹം എംബാം ചെയ്യുകയോ ഫ്രീസർ ഉപയോഗിക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാൽ, യാതൊരു മുൻകരുതലുമില്ലാതെയാണ് മൃതദേഹം കൊണ്ടുപോയത്.
ചെറുപുഴ മീന്‍തുള്ളി തുരുത്തില്‍ ഒറ്റപ്പെട്ടുപോയ ആളെ രക്ഷിച്ചുകൊണ്ടുവരുന്നതിനിടയിലാണ് തിരുവനന്തപുരം കല്ലിയൂര്‍ കിഴക്കേ തെറ്റിവിള രാജേഷ് ഭവനില്‍ ആര്‍. രാജേഷ് ഒഴുക്കിൽപ്പെട്ടത്. ഓഗസ്റ്റ് ഒന്നിന് ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. തിരച്ചിലിനൊടുവിൽ ഓഗസ്റ്റ് നാലിനാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
SUMMARY: Disrespect to the body of Rajesh, who died during rescue operations; Tehsildar suspended
















