കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസില്‍ അന്വേഷണം ശക്തമാക്കി പോലീസ്. ഐടി വിഭാഗത്തിന്റെ ഔദ്യോഗിക ഇ-മെയില്‍ ഐഡിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടി ഗൂഗിളിന് പോലീസ് കത്തയച്ചു. സംഭവവുമായി ബന്ധപ്പെട്ട് പത്തോളം കെഎംആർഎല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു.
രണ്ടാഴ്ച മുൻപാണ് കൊച്ചി മെട്രോയുടെ എക്സ്റ്റൻഷൻ ബ്ലൂപ്രിന്റ് ഉള്‍പ്പെടെയുള്ള ചില രേഖകള്‍ വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. ഹാക്ക് ചെയ്ത് രേഖകള്‍ പുറത്തുവിട്ടെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഐടി വിഭാഗത്തിന്റെ ഔദ്യോഗിക ഇ-മെയില്‍ ഐഡി ഉപയോഗിച്ചാണ് ഹാക്കിങ് നടന്നതെന്നാണ് കണ്ടെത്തല്‍.
ഇതിനു പിന്നില്‍ കെഎംആർഎല്ലിലെ ചില ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന സംശയവും പൊലീസിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തത്. രേഖകള്‍ പ്രചരിച്ച വാട്‌സ്‌ആപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. കെഎംആർഎല്‍ ഡയറക്ടറുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. അതീവ രഹസ്യ സ്വഭാവമുള്ള രേഖകളൊന്നും പുറത്തുപോയിട്ടില്ലെന്നാണ് കെഎംആർഎല്ലിന്റെ വിശദീകരണം.
SUMMARY: Kochi Metro website hacking case: Police send letter to Google
















