ബെംഗളൂരു: നഗരത്തിലെ ത്രീ സ്‌റ്റാർ ഹോട്ടലുകൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ എന്നിവ ഉൾപ്പെടെ 24 ഇടങ്ങളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പ്രത്യേക പരിശോധനയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തി. പഴകിയ ഭക്ഷണ ഭക്ഷണസാധനങ്ങൾ, പൂപ്പൽ ബാധിച്ച പച്ചക്കറികൾ, ശരിയായ രീതിയിൽ സൂക്ഷിക്കാത്ത ഭക്ഷണവസ്തുക്കൾ എന്നിവയാണ് പരിശോധനയിൽ കണ്ടെത്തിയത്.
കർണാടക ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്എസ്ഡിഎ) 30 ഉദ്യോഗസ്ഥ സംഘങ്ങളാണ് ഒരേസമയം നഗരത്തിലെ നിരവധി പ്രമുഖ ഹോട്ടലുകളില്‍ പരിശോധന നടത്തിയത്. അടുക്കളകളിലെ ശുചിത്വം, ഭക്ഷണസാധനങ്ങളുടെ കാലാവധി, സംഭരണരീതി, ലേബലിങ്, ഭക്ഷണം കൈകാര്യം ചെയ്യുന്ന രീതി എന്നിവ ഉദ്യോഗസ്ഥർ പരിശോധിച്ചു.
പരിശോധനയ്ക്കിടെ കാലാവധി കഴിഞ്ഞ മാംസം, പാൽ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളും ഉപയോഗിക്കാൻ കഴിയാത്ത നിലയിലായ പച്ചക്കറികളും കണ്ടെത്തി. ചില ഭക്ഷണസാധനങ്ങൾ ശരിയായ താപനിലയിൽ സൂക്ഷിച്ചിരുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയ ഭക്ഷണസാധനങ്ങൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചു. കൂടുതൽ പരിശോധനയ്ക്കായി വിവിധ ഭക്ഷണസാധനങ്ങളുടെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിനാണ് സാമ്പിളുകളുടെ വിശദമായ പരിശോധന നടത്തുന്നത്. ഹോട്ടലുകളുടെ അടുക്കളകളിലെ ശുചിത്വവും ഉദ്യോഗസ്ഥർ പ്രത്യേകം പരിശോധിച്ചു. ഭക്ഷണം തയ്യാറാക്കുന്ന സ്ഥലങ്ങളിൽ ശുചിത്വക്കുറവ്, ഭക്ഷണസാധനങ്ങൾ ശരിയായ രീതിയിൽ സൂക്ഷിക്കാത്തത് തുടങ്ങിയ വീഴ്ചകളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
നഗരത്തിലെ പ്രമുഖ നക്ഷത്ര ഹോട്ടലുകളിൽ പോലും ഇത്തരം വീഴ്ചകൾ കണ്ടെത്തിയത് ഭക്ഷ്യസുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്. ഹോട്ടലുകളിൽ മാത്രമല്ല, ഹോട്ടലുകൾക്കും ഭക്ഷണശാലകൾക്കും ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്ന സംഭരണകേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ഹോട്ടലുകളിലേക്ക് മാംസം, പാൽ, പച്ചക്കറികൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്ന വിതരണ ശൃംഖലയിൽ തന്നെ നിലവാരമില്ലാത്ത ഭക്ഷണം കടന്നുവരുന്നുണ്ടോ എന്നും ഉദ്യോഗസ്ഥർ പരിശോധിക്കും. ഭക്ഷണം ഉപഭോക്താവിന്റെ മേശയിലെത്തുന്നതിന് മുമ്പുള്ള മുഴുവൻ വിതരണ ശൃംഖലയും പരിശോധിക്കുകയാണ് ലക്ഷ്യം. ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിലും നഗരത്തിലെ ഹോട്ടലുകളിലും ഭക്ഷ്യവിതരണ കേന്ദ്രങ്ങളിലും പരിശോധന തുടരുമെന്നാണ് സൂചന
SUMMARY: Inspections conducted at 24 places including five-star hotels; Stale food items seized
















