ബെംഗളൂരു: സുവർണ കർണാടക കേരള സമാജം ആവലഹള്ളി സോണ്‍ ഓണാഘോഷം ഇന്ന് രാവിലെ 9 മണി മുതൽ ജനപദരു സാംസ്‌കൃതിക രംഗ വേദികെ ഓഡിറ്റോറിയത്തിൽ നടക്കും. മുൻ മഹാദേവപുര എംഎൽഎ അരവിന്ദ് ലിംബാവലി, മഹാദേവപുര എംഎൽഎ മഞ്ജുള അരവിന്ദ് ലിംബാവലി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ക്രൈസ്റ്റ് കോളേജിൽ കെമിസ്ട്രി വിഭാഗം അസോസ്സിയേറ്റ് പ്രൊഫസറായ ഡോ. ടി.പി. വിനോദ് പ്രത്യേക പ്രഭാഷകനായി ചടങ്ങിൽ പങ്കെടുക്കും. ഓണപ്പൂക്കളം, ഓണസദ്യ, വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്ന പദ്ധതിയായ ‘സുവർണ വിദ്യാ ജ്യോതി’യുടെ ഉദ്ഘാടനവും നടക്കും. വിദ്യാഭ്യാസ മേഖലയിലെ സാമൂഹിക പ്രതിബദ്ധത ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ബെംഗളൂരുവിലെ മലയാളി സമൂഹത്തെ ഒരുമിപ്പിക്കുന്ന സാംസ്‌കാരിക വേദിയായ ഓണമഹോത്സവത്തിലേക്ക് കുടുംബാംഗങ്ങൾ ഉൾപ്പെടെ മുഴുവൻ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ചെയർപേഴ്‌സൻ ഷീബ ഷാജി, കൺവീനർ ബിപിൻ വി കെ, ഫിനാൻസ് കൺവീനർ ആൻസൻ കെ എ എന്നിവര്‍ അറിയിച്ചു.
SUMMARY: Suvarna Karnataka Kerala Samajam Avalahalli Zone Onam Celebrations Today
















