ബെംഗളൂരു: നന്ദി ഹിൽസിൽ സംഘടിപ്പിച്ച മാരത്തണിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഞായറാഴ്ച രാവിലെ 9.10 ഓടെയായിരുന്നു സംഭവം. പഞ്ചാബ് സ്വദേശിയും മാന്യതാ ടെക്ക് പാർക്കിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനുമായിരുന്ന അമൻദീപ് സിംഗ് (31) എന്ന യുവാവാണ് മരിച്ചത്.
ബെംഗളൂരു റൂറൽ അഡ്മിനിസ്ട്രേഷൻ, യുവജന ശാക്തീകരണ കായിക വകുപ്പ്, ജെജെ ആക്ടീവ്, ദിവ്യശ്രീയുടെ വിസ്പേഴ്സ് ഓഫ് ദി വിൻഡ് എന്നിവയുൾപ്പെടെയുള്ള സ്വകാര്യ കമ്പനികൾ ചേർന്നാണ് മാരത്തൺ സംഘടിപ്പിച്ചത്. 21.1 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ ഓട്ടം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. ഓട്ടത്തിന്റെ പാതയിൽ പകുതിയോളം ദൂരം പിന്നിട്ട ശേഷം മലയിറങ്ങുന്നതിനിടെയായിരുന്നു സംഭവം.
കുഴഞ്ഞുവീണ ഉടൻ തന്നെ അമൻദീപിനെ മുദ്ദേനഹള്ളിയിലെ ശ്രീ മധുസൂദനൻ സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഹൃദയാഘാതമാണ് മരണകാരനമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ വൈദ്യപരിശോധനാ റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ വ്യക്തമാകുമെന്നു പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: A young man collapsed and died during a marathon in Nandi Hills.
















