ബെംഗളൂരു: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കോർട്ട്യാർഡ് ഹോട്ടൽ ബെംഗളൂരുവിൽ ആരംഭിക്കുന്നു. ഇതിനായി മാരിയറ്റ് ഇന്റർനാഷണൽ വേദാന്ത് എന്റർപ്രൈസസുമായി കരാറിൽ ഒപ്പുവെച്ചു. ‘കോർട്ട്‌യാർഡ് ബൈ മാരിയറ്റ് ബെംഗളൂരു ഹൈ-ടെക് ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് പാർക്ക്’ എന്ന പേരിൽ 350 മുറികളോടെയാണ് പുതിയ ഹോട്ടൽ ഒരുങ്ങുന്നത്. 2030-ഓടെ ഹോട്ടൽ പ്രവർത്തനമാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബെംഗളൂരുവിലെ ഹൈ-ടെക് ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് പാർക്കിൽ നിർമ്മിക്കുന്ന ഹോട്ടൽ, ബിസിനസ് യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തുന്നവർക്കും പ്രധാന സൗകര്യമാകും. ഹാർഡ്‌വെയർ, എയ്‌റോസ്‌പേസ്, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ പ്രൊഫഷണലുകളുടെ ആവശ്യങ്ങളും പദ്ധതി ലക്ഷ്യമിടുന്നു.
350 അതിഥി മുറികൾക്കൊപ്പം മുഴുവൻ സമയവും പ്രവർത്തിക്കുന്ന റെസ്റ്റോറന്റ്, ബാർ, ഫിറ്റ്നസ് സെന്റർ, സ്പാ, സ്വിമ്മിംഗ് പൂൾ തുടങ്ങിയ സൗകര്യങ്ങളും ഹോട്ടലിലുണ്ടാകും. കോൺഫറൻസുകൾ, കോർപ്പറേറ്റ് യോഗങ്ങൾ, സാമൂഹിക പരിപാടികൾ എന്നിവയ്ക്കായി ഏകദേശം 2,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ഇൻഡോർ, ഔട്ട്‌ഡോർ മീറ്റിംഗ്, ബാങ്ക്വറ്റ് സൗകര്യങ്ങളും ഒരുക്കും.
ഐ.ടി., വ്യവസായ, കോർപ്പറേറ്റ് മേഖലകളുടെ അതിവേഗ വളർച്ചയോടെ ബെംഗളൂരുവിൽ ഹോട്ടൽ താമസസൗകര്യങ്ങൾക്കുള്ള ആവശ്യകത വർധിച്ചുവരികയാണ്. രാജ്യാന്തര കമ്പനികളുടെ സാന്നിധ്യം, സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, വിനോദസഞ്ചാരം എന്നിവ നഗരത്തിലെ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് വലിയ സാധ്യതകളാണ് തുറക്കുന്നത്. പുതിയ ഹോട്ടൽ യാഥാർഥ്യമാകുന്നതോടെ ബെംഗളൂരുവിലെ താമസസൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുന്നതിനൊപ്പം ഹോസ്പിറ്റാലിറ്റി, അനുബന്ധ സേവന മേഖലകളിൽ പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
SUMMARY: South Asia’s Largest Courtyard Hotel in Bengaluru;Marriott International signed the agreement
















