ബെംഗളൂരു: കർണാടകയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (SIR) നടപടിയിൽ വീടുതോറുമുള്ള പരിശോധനയും വിവരശേഖരണവും പൂർത്തിയാക്കുന്നതിനുള്ള അവസാന ദിവസമാണ് ഇന്ന്. വോട്ടർ പട്ടികയിലെ വിവരങ്ങൾ പരിശോധിച്ച് അർഹരായവരെ ഉൾപ്പെടുത്തുകയും അർഹതയില്ലാത്ത പേരുകൾ കണ്ടെത്തുകയും ചെയ്യുകയാണ് നടപടിയുടെ ലക്ഷ്യം.
വിവരശേഖരണ ഫോം (Enumeration Form) തിരികെ നൽകാൻ ഇന്ന് വൈകുന്നേരം 4 മണി വരെ മാത്രമേ അവസരമുള്ളൂ. ബൂത്ത് ലെവൽ ഓഫീസർ (BLO) മുഖേന ഫോം ലഭിച്ചിട്ടുണ്ടെങ്കിൽ, അതിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് ഒപ്പുവെച്ച് ഇന്ന് വൈകുന്നേരം 4 മണിക്ക് മുൻപായി ബന്ധപ്പെട്ട ബി.എൽ.ഒ-യ്ക്ക് തിരികെ നൽകേണ്ടതുണ്ട്.
പരിശോധനാ നടപടികൾ പൂർത്തിയായ ശേഷം ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കരട് വോട്ടർ പട്ടിക തയ്യാറാക്കുകയും തുടർന്ന് അവകാശവാദങ്ങളും എതിർപ്പുകളും സ്വീകരിക്കുകയും ചെയ്യും. അതിന് ശേഷമായിരിക്കും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക.
വോട്ടർ പട്ടികയിൽ ‘അസന്നിഹിതർ’, ‘താമസം മാറിയവർ’, ‘മരിച്ചവർ’, ‘ഇരട്ടപ്പേര്’ തുടങ്ങിയ വിഭാഗങ്ങളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. വീടുകളിൽ നേരിട്ട് എത്തി വിവരങ്ങൾ സ്ഥിരീകരിക്കുന്ന നടപടിയാണ് ഇതിന്റെ പ്രധാന ഭാഗം.
വീട്ടിൽ പരിശോധനയ്ക്കെത്തുമ്പോൾ ലഭ്യമല്ലാത്ത വോട്ടർമാരുടെ വിവരങ്ങളും പ്രത്യേകമായി പരിശോധിക്കും. തെറ്റായി ഏതെങ്കിലും വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആവശ്യമായ രേഖകൾ സമർപ്പിച്ച് വോട്ടർ പട്ടികയിൽ പേര് നിലനിർത്തുന്നതിനുള്ള അവസരം നൽകും.
ഓഗസ്റ്റ് 24-ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 23 വരെ പേര് ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കുന്നതിനും അവസരമുണ്ടായിരിക്കും. തുടർന്ന് ഒക്ടോബർ 27-ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
ഇതിന് മുൻപ് 2002-ലാണ് സംസ്ഥാനത്ത് എസ്.ഐ.ആർ. നടത്തിയത്. അന്ന് മൂന്ന് കോടി വോട്ടർമാരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഇരട്ടിയോളമായി വർധിച്ചിട്ടുണ്ട്. ജൂണ്‍ 30 നാണ് സംസ്ഥാനത്ത് പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (SIR) നടപടി ആരംഭിച്ചത്>
SUMMARY:Intensive Electoral Roll Reform (SIR) in Karnataka; Data collection ends today
















